പത്തനംതിട്ട: കോടികളുടെ നിക്ഷേപമുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിനെതിരേ നിക്ഷേപകരുടെ പരാതി. ഓമല്ലൂര്‍ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഓഫീസും ശാഖകളും ഒരുമാസത്തിലേറെയായി തുറക്കുന്നില്ലെന്ന് അടൂര്‍ പോലീസില്‍ നാല് നിക്ഷേപകര്‍ കൊടുത്ത പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തെ പലിശയും നല്‍കാനുണ്ട്.

നിക്ഷേപത്തുക തിരിച്ചുനല്‍കാമെന്ന് നിശ്ചയിച്ച ദിവസം കഴിഞ്ഞിട്ടും ഉടമ ഫോണ്‍ എടുക്കാതായതോടെയാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. ഓമല്ലൂരിലേത് കൂടാതെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം എന്നിവിടങ്ങളിലാണ് സ്ഥാപനത്തിന് ശാഖകളാണുള്ളത്. എഫ്‌.െഎ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വിശദാംശങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും അടൂര്‍ സി.െഎ. പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

ശനിയാഴ്ച ഉടമയുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കുമെന്നും ഇതിലും പുരോഗതിയൊന്നും ഉണ്ടായില്ലെങ്കില്‍ കേസെടുക്കുമെന്നും സി.െഎ. അറിയിച്ചു.

Content Highlight: Complaint against financial firm in Pathanamthitta