തിരുവനന്തപുരം:  ബിനീഷ് കോടിയേരിക്കും കൂട്ടാളിക്കുമെതിരെ പരാതിയുമായി കടയുടമ. മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് ബിനീഷ് കോടിയേരിക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡ്രൈക്ലീനിങ് സ്ഥാപന ഉടമയാണ് പരാതിക്കാരന്‍. ബിനീഷിന്റെ കൂട്ടാളികള്‍ ആക്രമിക്കുന്നതായാണ് പരാതി. 

ബിനീഷിന്റെ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന സുനില്‍കുമാറിനെതിരെയാണ് പരാതി. ആക്രമണം ബിനീഷിന്റെ അറിവോടെയാണെന്നാണ് പരാതിക്കാന്‍ ആരോപിക്കുന്നത്.

ബിനീഷ് കോടിയേരിയുടെ മുന്‍ ഡ്രൈവറായ സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം തന്നെ മര്‍ദ്ദിച്ചുവെന്നാണ് പേയാട് സ്വദേശി ലോറന്‍സിന്റെ പരാതി. ബിനീഷ് കോടിയേരിയുമായുള്ള ശത്രുതയുടെ പേരിലാണ് മണികണ്ഠന്‍ ആക്രമിച്ചതെന്നാണ് ലോറന്‍സ് പറയുന്നത്. മണികണ്ഠന്‍ ബിനീഷ് കോടിയേരിയുടെ സന്തത സഹചാരിയാണെന്നും ലോറന്‍സ് പറയുന്നു. 

ആര്യങ്കോട് പഞ്ചായത്തില്‍ റിങ്ങ് റോഡുമായി ബന്ധപ്പെട്ട വര്‍ക്ക് സുഹൃത്തിന് ലഭിച്ചിരുന്നു. അവിടെ ഒരു ഹോട്ട്മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായി.  നിലവില്‍ ഡ്രൈവര്‍ അല്ലെങ്കിലും മണികണ്ഠന്‍ ബിനീഷിന്റെ സന്തത സഹചാരിയാണ്. ബിനീഷിന്റെ മരുതും കുഴിയിലെ വീട്ടില്‍ മണികണ്ഠന്‍ നിത്യ സന്ദര്‍ശകനാണെന്നും ലോറന്‍സ് പറയുന്നു. 

ബിനീഷില്‍ നിന്നും മണികണ്ഠനില്‍ നിന്നുമുള്ള ഭീഷണി മൂലം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ലോറന്‍സ് പറയുന്നു. തന്റെ 12 ഓളം ഡ്രൈക്ലീനിങ് യൂണിറ്റുകളുടെ ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടി വന്നു. കാട്ടക്കടയിലുള്ള മറ്റൊരു കമ്പനിയും പൂട്ടേണ്ടിവന്നു. തന്റെ വീട്ടില്‍ കയറി പ്രശ്‌നമുണ്ടാക്കിയതിനാല്‍ വീട്ടില്‍ കിടന്നിട്ട് രണ്ട് വര്‍ഷമായെന്നും ലോറന്‍സ് പറയുന്നു. 

മര്‍ദ്ദനം സംബന്ധിച്ച ലോറന്‍സിന്റെ പരാതിയില്‍ മ്യൂസിയം പോലീസ് കേസെടുത്തിട്ടില്ല. ഇരുവരെയും വിളിപ്പിച്ചെങ്കിലും ലോറന്‍സ് ഹാജരായില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.  അന്വേഷണം തുടരുകയാണെന്നും മ്യൂസിയം പോലീസ് വ്യക്തമാക്കി.

Content Highlight:  Complaint against Bineesh Kodiyeri and friends