തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര തൊഴുക്കല്‍ അംബേദ്കര്‍ കോളനിയില്‍ താമസക്കാരനായ പ്രസാദി(47)നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ശനിയാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കോവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ബന്ധുക്കള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പോലീസുമായി എത്തിയപ്പോള്‍ 68 വയസുകാരനായ മറ്റൊരു പ്രസാദിന്റെ മൃതദേഹമാണ് ജീവനക്കാര്‍ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്തത്.

രജിസ്റ്ററില്‍ നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റ മൃതദേഹത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Complaint About Dead Body Missing from Thiruvananthapuram Medical College