തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദരേഖ പുറത്ത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘത്തിൽ ചിലർ തന്നെ നിർബന്ധിച്ചതായി ശബ്ദസന്ദേശത്തിൽ സ്വപ്ന സുരേഷ് പറയുന്നു. സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നതിനിടെ സബ്ദസന്ദേശം പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
ഒരു വാർത്താ പോർട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞതായാണ് സ്വപ്ന ശബ്ദസന്ദേശത്തിൽ പറയുന്നത്.
തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചർച്ചകൾ നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജൻസി പറയുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
ജയിലിൽ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ആളുകൾ അടക്കം നിരവധി പേർ സന്ദർശിച്ചിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ്ങ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയുടേതെന്ന പേരിൽ ശബ്ദസന്ദേശം പുറത്തുവന്നത്. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് ദുരൂഹമാണ്.
Content Highlights:compelled to be mention CMs name- voice message out in the name of Swapna Suresh