കോവിഡ് വ്യാപനം രൂക്ഷമായ പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചിരിക്കുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂന്തുറയില്‍ എസ്.എ.പി. കമാന്‍ഡന്റ് ഇന്‍ ചാര്‍ജ്ജ് എല്‍. സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇവിടെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം.
കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനായി പൂന്തുറയില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കും.
ക്രമസമാധാന വിഭാഗത്തിന്റെ മേല്‍നോട്ടം എ.ഡി.ജി.പി. ഡോ. ഷെയ്ക്ക് ദെര്‍വേഷ് സാഹിബ് വഹിക്കും. പൂന്തുറ മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള ബോധവല്കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാര് ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടുകയും ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും.
തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പോലീസ് ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തമിഴ്നാട് ഡി.ജി.പി. ജെ.കെ. ത്രിപാഠിയുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്.
Content Highlights: Commandos deployed in Poontura, Tamilnadu boarder closed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..