തിരുവനന്തപുരം: വരാനിരിക്കുന്നത് വെല്ലുവിളികളുടെ കാലമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിദേശത്ത് നിന്നുള്ളവരുടെ മടങ്ങിവരവ് വലിയ സാമ്പത്തിക വെല്ലുവിളിയാകും. സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന് മാത്രമായി മറികടക്കാന്‍ സാധിക്കില്ല. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കില്‍ നിന്നും പണം കണ്ടെത്തണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന്റെ 'അതിജീവിക്കും നമ്മള്‍ 'പരിപാടിയില്‍ പറഞ്ഞു. 

ഒഡീഷ നല്‍കിയത് പോലെ ഗള്‍ഫില്‍ നിന്ന് എത്തുന്നവര്‍ക്ക് ചെറിയ ധനസഹായം നല്‍കി വീട്ടില്‍ ഇരുത്താന്‍ സാധിക്കില്ല. അവരുടെ പ്രശ്‌നങ്ങള്‍ അതില്‍ വലുതാണ്. എത്തുന്നവരെ സര്‍ക്കാര്‍ ചെലവില്‍ ക്വാറന്റൈനിലാക്കും. അതിന്റ ഭാഗമായി അവര്‍ക്ക് ധനസഹായം നല്‍കും. ലക്ഷക്കണക്കിന് പ്രവാസികളാണ് കേരളത്തിലേയ്ക്ക് തിരികെ എത്താനുള്ളത് അവര്‍ക്കെല്ലാം പതിനാല് ദിവസത്തേക്ക് തുക നല്‍കുക എന്നത് പ്രായോഗികമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോക്ക്ഡൗണ്‍ അടുത്ത രണ്ടാഴ്ച കൂടി ഇതേ നിലയില്‍ തുടരാന്‍ ഉദ്ദേശിക്കുന്നല്ലെന്നും നമുക്കൊരു പുറത്തുവരല്‍ തന്ത്രം വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമ്പദ് ഘടനയെ എങ്ങനെ പടിപടിയായി പുറത്തുകൊണ്ടുവരും എന്ന തന്ത്രം. അതിന്റെ ഭാഗമായി തിരിച്ചുവന്ന പ്രവാസികളെ ഉള്‍ക്കൊള്ളുന്നതിനുള്ള പദ്ധതികള്‍ കൂടി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒട്ടനവധി സാമ്പത്തിക വിദഗദ്ധര്‍ പറഞ്ഞത് രാജ്യത്തിന്റെ ധാന്യശേഖരം ഫലപ്രദമായി ഉപയോഗപ്പെടുത്തണം എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അടച്ചുപൂട്ടപ്പെട്ട ജനങ്ങള്‍ക്ക് പട്ടിണി പാടില്ല. യു.എന്‍ പറയുന്നത് 40 കോടി ആളുകള്‍ പട്ടിണിയിലേക്ക് പോകും എന്നാണ്. അത് തടയാന്‍ ആവശ്യമുള്ളവര്‍ക്ക് ധാന്യങ്ങള്‍ നല്‍കാമെന്നും അതിന് വളരെ ശക്തമായ പോളിസി വേണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Coming up is a time of challenge, says Thomas Isaac