കോട്ടയം: കേരളത്തില്‍ ഉയര്‍ന്നുവരുന്ന സാമുദായിക പ്രസ്താവനകള്‍ സംബന്ധിച്ചും മതസൗഹാര്‍ദത്തിന്റെ ആവശ്യകതയെക്കുറിച്ചും സംയുക്ത പത്രസമ്മേളനവുമായി മതമേലധ്യക്ഷന്മാര്‍. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമാണ് സംയുക്ത പത്രസമ്മേളനം നടത്തിയത്. പാലാ ബിഷപ്പിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനം.

കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി  താഴത്തങ്ങാടി ഇമാം ആരോപിച്ചു. അടുക്കാനാകാത്ത വിധം നമ്മള്‍ അകന്നുപോകാന്‍ പാടില്ലെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. രണ്ടു സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന് പോര്‍വിളിയും വിദ്വേഷവുമല്ല വേണ്ടതെന്നും സമാധാനവും സ്‌നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ എറ്റവുമധികം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമാണ് കേരളമെന്നും ആ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് നമ്മുടെ എല്ലാവരുടെയും കര്‍ത്തവ്യമാണെന്നും ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു. 

ലഹരി പോലുള്ള എല്ലാ തെറ്റായ പ്രവണതകളെ എതിര്‍ക്കേണ്ടതാണെന്ന് ബിഷപ്പ് പറഞ്ഞു. അത് ഹിന്ദു ചെയ്താലും ക്രൈസ്തവര്‍ ചെയ്താലും മുസ്ലിം ചെയ്താലും തെറ്റാണ്. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടതെന്നും സമൂഹമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്തെ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസില്‍വെച്ചാണ് ഇരുവരുടെയും സംയുക്ത പത്രസമ്മേളനം നടന്നത്.

Content highlights: combined press conference by bishop and thazhathangadi imam on pala bishop speech