കെ-റെയില്‍: പറയാനുള്ളത് കേള്‍ക്കാതെ സര്‍ക്കാരിനെ എതിര്‍ക്കാനാവില്ലെന്ന് ശശി തരൂര്‍


പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തുന്നത് സ്വതന്ത്ര ചിന്തയെ തടയും

sudhakaran tharoor pinarayi

കോഴിക്കോട്: കെ-റെയില്‍ പദ്ധതിയില്‍ കേരള സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കാതെ സര്‍ക്കാര്‍ നിലപാട് തള്ളിക്കളയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഞായറാഴ്ച മാതൃഭൂമി ഡോട്ട്കോമിന്റെ ഇംഗ്ളീഷ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് വിവാദമായ കെ-റെയില്‍ പദ്ധതിയെക്കുറിച്ചുള്ള തന്റെ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തരൂര്‍ വ്യക്തമാക്കിയത്.

ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെന്ന് തരൂര്‍ പറഞ്ഞു. ഇതിനുള്ള പരിസരം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തെയും സമൂഹത്തേയും ദുര്‍ബലമാക്കും. ആശയപരമായി എതിര്‍ഭാഗത്തു നില്‍ക്കുന്നവര്‍ മുന്നോട്ടുവെയ്ക്കുന്ന എന്തിനെയും യാന്ത്രികമായി എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. ബിജെപി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യുപിഎ സര്‍ക്കാരാണ് നടപ്പാക്കിയതെന്നതുകൊണ്ട് തങ്ങള്‍ തന്നെ അനുകൂലിച്ച പല പദ്ധതികളും ബിജെപി അതിശക്തമായി എതിര്‍ത്തു. യുഡിഎഫിനും എല്‍ഡിഎഫിനും ഇതു തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ജനാധിപത്യം ഒരു തുടര്‍പ്രക്രിയയാണ്. അവിടെ യുക്തിപരമായ ചിന്തകളും സംവാദവും ഉടലെടുക്കണം. അതിന് പകരം പാര്‍ട്ടി അച്ചടക്കം പ്രയോഗിക്കുന്നത് സ്വതന്ത്ര ചിന്തയെയാണ് തടയുക.

തന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കപ്പെടുകയായിരുന്നെന്ന് തരൂര്‍ പറയുന്നു. '' എന്റെ ചില സഹപ്രവര്‍ത്തകര്‍ (ഇതാദ്യമായല്ല) ശത്രുവിനെ സഹായിച്ചു എന്ന പേരില്‍ എന്നെ തള്ളിപ്പറഞ്ഞു. സിപിഎം വക്താവാകട്ടെ വികസനത്തിനനുകൂലമാണ് ഞാന്‍ എന്ന രീതിയില്‍ തന്ത്രപരമായി എന്നെ അഭിനന്ദിച്ചു. തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും ഞാന്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും എതിര്‍ത്തിട്ടുണ്ടെന്നത് സൗകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടു. ഞാന്‍ എടുത്ത ആദര്‍ശപരമായ നിലപാടായിരുന്നില്ല രണ്ടുകൂട്ടരും പരിഗണിച്ചത്. സ്ഫടികം പോലെ സുതാര്യമായ എന്റെ വാദങ്ങള്‍ ഒരൊറ്റ അനുമാനത്തിലേക്ക്, അതായത് ഞാന്‍ ഞാന്‍ പരസ്യമായി മുഖ്യമന്ത്രിയെ പിന്തുണച്ചു എന്നതിലേക്ക് , ചുരുക്കപ്പെട്ടു.''

തിരുവനന്തപുരം വിമാനത്താവള വിഷയങ്ങൾ പോലുള്ള സർക്കാരിന്റെ പല പിന്തിരിപ്പൻ തീരുമാനങ്ങളെ താൻ എതിർത്തിരുന്നു. ഇതൊക്കെ മറന്നു കൊണ്ടാണ് സിപിഐഎം വക്താവ് ഇപ്പോൾ കെ റെയിൽ വിഷയത്തിലെ എന്റെ പിന്തുണയ്ക്ക് തന്ത്രപരമായി അഭിനന്ദനം അറിയിക്കുന്നത്. തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനത്തെ താൻ എതിർക്കുകയാണ് ചെയ്തത്. വിരോധാഭാസമെന്ന് തോന്നിയേക്കാം അന്നെൻ്റെ യു ഡി എഫ് സഹപ്രവർത്തകർ സർക്കാരിനൊപ്പമായിരുന്നു-തരൂർ പറഞ്ഞു.

കെ-റെയില്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്കയച്ച കത്തില്‍ താന്‍ ഒപ്പുവെയ്ക്കതിരുന്നതും തിരുവനന്തപുരത്ത് ലുലുമാള്‍ ഉദ്ഘാടന ചടങ്ങില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളും അനാവശ്യ വിവാദമാണുളവാക്കിയിരിക്കുന്നതെന്ന് തരൂര്‍ പറയുന്നു. ''കെ റെയില്‍ പദ്ധതിയെക്കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തില്‍ ഒരു നിലപാട് എടുക്കാനാവില്ല. അങ്ങിനെയൊരു പഠനം ഇനിയും നടത്തിയിട്ടില്ലെന്നതിനാലാണ് കത്തില്‍ ഒപ്പ് വെയ്ക്കാതിരുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന സെമി ഹൈസ്പിഡ് റെയില്‍ (Silver Line) പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടുമാത്രമാണ് എംപിമാരുടെ കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നത്.'' കത്തില്‍ ഒപ്പുവെയ്ക്കണമെന്ന് മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും കത്തിന്റെ ഉള്ളടക്കം തനിക്ക് ലഭ്യമായിരുന്നില്ലെന്നും തരൂര്‍ സൂചിപ്പിച്ചു.

കത്തില്‍ ഒപ്പുവെയ്ക്കാതിരുന്നതിന്റെ അര്‍ത്ഥം താന്‍ കെ-റെയിലിനെ പിന്തുണയ്ക്കുന്നുവെന്നല്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. ''എന്റെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ കെ-റെയില്‍ സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്താണ് പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാതം? നിരവധി പേരെ കുടിയൊഴിപ്പിച്ചുകൊണ്ട് ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടതുണ്ടോ? സ്വതവെ ദുര്‍ബലമായ നമ്മുടെ പരിസ്ഥിതിയെ ഈ പദ്ധതി വീണ്ടും തളര്‍ത്തുമോ? പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്ന സുവ്യക്തമായ പഠനം സര്‍ക്കാര്‍ നടത്തുമോ? സാമ്പത്തികമായി എത്രമാത്രം പ്രായോഗികമാണ് കെ-റെയില്‍? വന്‍പണച്ചെലവ് വരുന്ന പദ്ധതിയാണ് ഇതെന്നതിനാല്‍ പദ്ധതിയുടെ സാമ്പത്തികവശങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുമോ? വളരെ നിര്‍ണായകമായ ചോദ്യങ്ങളാണിവ. ഇതിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സാങ്കേതിക-ഭരണ വിദഗ്ദര്‍ എന്നിവരുള്‍പ്പെടുന്ന ഒരു ഫോറത്തിന് രൂപം നല്‍കണമെന്നും ഈ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു.''

ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാവുകയെന്നും അല്ലാതെ കണ്ണടച്ച് ഒരു പദ്ധതിയെയും എതിര്‍ക്കുന്നത് ജനാധിപത്യത്തില്‍ സ്വാഗതാര്‍ഹമായ നിലപാടല്ലെന്നും തരൂര്‍ പറയുന്നു. ലുലുമാള്‍ ഉദ്ഘാടന ചടങ്ങില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് താന്‍ അതിവ ഉദാരത പുലര്‍ത്തുകയാണെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും തരൂര്‍ പറയുന്നു. കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ കിട്ടണമെങ്കില്‍ നിലവിലെ സാമ്പത്തിക അന്തരീക്ഷം മാറേണ്ടതുണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. യൂസഫലിയോട് കേരള സര്‍ക്കാരിനുള്ള സമീപനം ചെറുകിട ഇടത്തരം വ്യവസായ സംരംഭകരോടും ഉണ്ടാവണം. കേരളത്തിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപകര്‍ വരണം. ബിസിനസ് ചെയ്യാന്‍ പറ്റിയ സ്ഥലമാണ് കേരളം ( Kerala is open for business ) എന്ന സന്ദേശം ലോകത്തിന് കിട്ടണം. ഇത്തരമൊരു സന്ദേശം തന്റെ പ്രസംഗത്തിലൂടെ നല്‍കിയതിനാണ് താന്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചതെന്നും തരൂര്‍ പറയുന്നു.

കെ-റെയിലും ലുലുമാളുമായും ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളപ്പെടാതെ പോവുന്നതില്‍ വേദനയുണ്ടെന്ന് തരൂര്‍ പറയുന്നു. സ്ഫടികം പോലെ സുതാര്യമായ വാദങ്ങളാണ് മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണച്ചു എന്ന രീതിയില്‍ ചുരുക്കപ്പെടുന്നത്. കറുപ്പും വെളുപ്പും എന്ന രണ്ട് കള്ളികളില്‍ മാത്രമാണ് മാധ്യമങ്ങള്‍ കാര്യങ്ങളെ സമീപിക്കുന്നതെന്ന് തരൂര്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഞങ്ങള്‍ക്കെതിരെയാണോ എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെപ്പോലെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നത്. മുന്‍ പ്രധാനമന്ത്രി നെഹ്രു നടത്തിയതായി പറയപ്പെടുന്ന ഒരു പരാമര്‍ശം ഈ ഘട്ടത്തില്‍ തരൂര്‍ അനുസ്മരിച്ചു. സമാനമായൊരു ചോദ്യം ചോദിച്ച യുഎസ് മുന്‍ വിദേശ മന്ത്രി ജോണ്‍ ഫോസ്റ്ററിനോട് നെഹ്രു പറഞ്ഞത് ഇതാണ്: ''നിങ്ങളോട് യോജിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെയാണ്; നിങ്ങളോട് വിയോജിക്കുമ്പോള്‍ നിങ്ങള്‍ക്കെതിരെയും; ഓരോ വിഷയത്തിനും അനുസരിച്ചാണ് സമീപനം എടുക്കുക.'' നെഹ്രുവിന്റെ ഈ നിലപാട് നമ്മുടെ മാധ്യമ വിശലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ഒന്നുകില്‍ മുഖ്യമന്ത്രിയുടെ കൂടെ അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിര് എന്നതാണ് അവരുടെ സമീപനം.

ഈ നിലപാടിന് ഒപ്പം നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കുന്നു. നല്ല കാര്യങ്ങള്‍ അംഗികരിക്കാനും മോശം കാര്യങ്ങള്‍ എതിര്‍ക്കാനും നമുക്കാവണം. വാജ്പേയി അടക്കമുള്ള പ്രതിപക്ഷ നേതാക്കളോട് ഇത്തരം സമീപനം സ്വീകരിക്കാന്‍ പണ്ഡിറ്റ് നെഹ്റുവിന് കഴിഞ്ഞിരുന്നു. ഒരു പാര്‍ട്ടിയുടെ നയങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും നമുക്ക് എതിര്‍പ്പുണ്ടായേക്കാം, പക്ഷേ, ഒന്നിച്ചുപോകേണ്ട കാര്യങ്ങളില്‍ ഒന്നിച്ചുപോകാനും കഴിയണം.'' ഇടക്കാലത്ത് ലോകപ്രശസ്തി നേടിയ ഫിഫ്റ്റി ഷെയ്ഡ്സ് ഒഫ് ഗ്രെ എന്ന പുസ്തകത്തെക്കുറിച്ചും തരൂര്‍ തന്റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്: '' Fifty Shades of Grey could never be the title of a book about Indian Politics.''

'' പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും (action and reaction ) എന്ന നിലയിലേക്ക് ജനാധിപത്യത്തെ തരം താഴ്ത്തരുത്. ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍ 'പാവ്ലോവിന്റെ നായ്ക്കള്‍' ആവരുത് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തരൂര്‍ ലേഖനം അവസാനിപ്പിക്കുന്നത്.

കോളം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

content highlights: column i mean what i say, silverline rail project, pinarayi vijayan, k sudhakaran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented