ശ്രീലക്ഷ്മി
പാലക്കാട്/ലക്കിടി: മങ്കരയില്‍ വിദ്യാര്‍ഥിനി പേവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിരോധകുത്തിവെപ്പെടുത്തതില് അപാകമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത. പ്രതിരോധമരുന്നിന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്നും മുറിവിന്റെ ആഴം കൂടിയത് മരണകാരണമാകാമെന്നാണ് നിഗമനമെന്നും ഡി.എം.ഒ. പറഞ്ഞു.
ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച പേവിഷബാധയേറ്റ് മരിച്ച മങ്കര മഞ്ഞക്കര പടിഞ്ഞാര്‍ക്കര വീട്ടില്‍ ശ്രീലക്ഷ്മിയുടെ (19) വീട് സന്ദര്‍ശിച്ച് ശ്രീലക്ഷ്മിയുമായി സമ്പര്ക്കത്തിലേര്പ്പെട്ടവരില്നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ആഴത്തിലുള്ള മുറിവാണുള്ളത്. ഞരമ്പില്‍ കടിയേറ്റിട്ടുണ്ടെങ്കില്‍ കൂടുതല്‍ വേഗത്തില്‍ വൈറസുകള്‍ തലച്ചോറിലെത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ ദ്രുതപ്രതികരണ (റാപ്പിഡ് റെസ്പോണ്‍സ്) സംഘം പരിശോധിക്കും.
വിദ്യാര്‍ഥിനിയെ കടിച്ചത് വീട്ടില്‍ വളര്‍ത്തിയ തെരുവുനായയാണെന്നും നായയ്ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്ന് കണ്ടെത്തിയതായും ഡി.എം.ഒ. പറഞ്ഞു. ഡി.എസ്.ഒ. ഡോ. ഡോസലിന് ഏലിയാസ്, ഡെപ്യൂട്ടി ഡി.എസ്.ഒ. ഡോ. രാജലക്ഷ്മി, ജില്ലാ വെറ്ററിനറി സര്ജന് ഡോ. ജോജു ഡേവിസ്, ഡോ. ദീപക്, ഡോ. ധനേഷ്, മങ്കര ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. സുനില്‍ കുമാര്‍, പറളി ബ്ലോക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ജി. വിനോദ്, ജെ.എച്ച്.ഐ. ടി.ജി. ഗോപകുമാര്‍ എന്നിവരാണ് പരിശോധനയ്ക്കെത്തിയത്.
.jpg?$p=6610592&w=610&q=0.8)
മേയ് 30-നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. അതിനുശേഷവും കോളേജില്‍ പോയിരുന്ന ശ്രീലക്ഷ്മിക്ക് പനി ബാധിച്ചിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പേവിഷലക്ഷണത്തോടെ മരിച്ചു.
മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
പാലക്കാട്: പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 12-ന് പാലക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന തെളിവെടുപ്പില്‍ കേസ് പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
അതൃപ്തിയോടെ കുടുംബാംഗങ്ങള്‍
രോഗി മരിക്കാനിടയായത് ആഴത്തിലുള്ള മുറിവുകൊണ്ടാകാമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിശദീകരണത്തില്‍ അസംതൃപ്തി അറിയിച്ച് വീട്ടുകാര്‍. ശ്രീലക്ഷ്മിയുടെ അച്ഛനും സഹോദരങ്ങളും ബന്ധുക്കളുമാണ് മാധ്യമങ്ങള്‍ക്കുമുമ്പാകെ അതൃപ്തി പ്രകടമാക്കിയത്.
കുത്തിവെപ്പെടുത്താലും ആഴത്തിലുള്ള മുറിവേറ്റാല്‍ മരിക്കുമെന്ന, തെറ്റായ സന്ദേശം പരത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം കാരണമാകുമെന്ന് ശ്രീലക്ഷ്മിയുടെ വീട്ടുകാര്‍ പറഞ്ഞു. മരണകാരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം വേണമെന്നും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
വാക്സിന് കുറവ് പരിഹരിച്ചു
ലക്കിടി: ജില്ലാശുപത്രിയിലെ ആന്റിറാബിസ് വാക്സിന് കുറവ് പരിഹരിക്കാന്‍ നടപടിയെടുത്തെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത. താലൂക്ക് ആശുപത്രികളിലും വാക്സിന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..