ആരോപണ വിധേയരായ കോളേജിലെ ശുചീകരണ തൊഴിലാളികൾ
കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ സ്വകാര്യ ഏജന്‍സികള്‍ക്കെതിരേ അറസ്റ്റിലായ കോളേജിലെ ജീവനക്കാര്‍. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് കുട്ടികള്‍ അടിവസ്ത്രം അഴിച്ചതെന്ന് റിമാന്‍ഡിലായ പ്രതികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും കോളേജിലെ ശുചീകരണ തൊഴിലാളികള്‍ പറയുന്നു.
ദേഹത്ത് ലോഹഭാഗങ്ങള്‍ ഉണ്ടെന്നും പറഞ്ഞ് പരിശോധിക്കാന്‍ വന്നവര്‍ കുറേ കുട്ടികളെ മാറ്റിനിര്‍ത്തി. ചില കുട്ടികള്‍ അവിടെ കരയുന്നുണ്ടായിരുന്നു. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോഴാണ് വസ്ത്രം മാറാന്‍ സ്ഥലമുണ്ടോയെന്ന് കുട്ടികള്‍ ചോദിച്ചത്. തങ്ങള്‍ വിശ്രമിക്കുന്ന മുറിയാണ് ഇതിനായി തുറന്നുകൊടുത്തത്. ഇതല്ലാതെ മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു. വസ്ത്രം അഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ചട്ടം ഇതാണെന്നും തങ്ങള്‍ക്ക് ഇങ്ങനെ ചെയ്തേ പറ്റുവെന്നുമാണ് ഏജന്‍സി ജീവനക്കാര്‍ മറുപടി നല്‍കിയെന്നും അവര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥിനികള്‍കൂടി പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അഞ്ച് ജീവനക്കാരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷാകേന്ദ്രമായ ആയൂര്‍ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ജീവനക്കാരായ വാളകം കമ്പംകോട് മുട്ടുകോണത്ത് പുളിയറ പുത്തന്‍വീട്ടില്‍ എസ്.മറിയാമ്മ (46), ഇടമുളയ്ക്കല്‍ പെരുങ്ങള്ളൂര്‍ വട്ടയംതുണ്ടില് പടിഞ്ഞാറ്റതില്‍ കെ.മറിയാമ്മ (45), ഏജന്‍സി ജീവനക്കാരായ ചടയമംഗലം കല്ലുമല രേവതിയില്‍ ഗീതു (27), കോട്ടുക്കല്‍ മഞ്ഞപ്പാറ ജിജിവിലാസത്തില് ബീന (34), മഞ്ഞപ്പാറ കടുത്താനത്ത് ഹൗസില്‍ ജ്യോത്സ്ന (21) എന്നിവരാണ് അറസ്റ്റിലായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..