എറണാകുളം: എറണാകുളത്ത് സി പി ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. എല്‍ദോ എബ്രഹാം എം എല്‍ എയുടെ കൈക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പോലീസ് നടപടിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.

സി പി ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ സാഹചര്യം ഒഴിവാക്കാമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് വീഴ്ചവരുത്തിയിട്ടുണ്ട്. കൂടാതെ ലാത്തിചാര്‍ജ് നടത്തുമ്പോൾ പാലിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും കളക്ടറുടെ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. 

അതേ സമയം ഡി.ഐ.ജി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരത്തെ പോലീസ് അനുമതി വാങ്ങിയിരുന്നില്ലെന്നും മാര്‍ച്ച് നടത്തിയ അന്നേ ദിവസംമാത്രമാണ് ഇക്കാര്യം അറിയിച്ചതെന്നുമടക്കം കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

സി പി ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുകയും ബാരിക്കേഡ് തകര്‍ക്കുകയും പോലീസിന്റെ നേര്‍ക്ക് കല്ലേറടക്കമുള്ള സംഭവങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

എംഎല്‍എയ്ക്ക്‌ പരിക്കേറ്റതിന്റെ തെളിവുകള്‍ കളക്ടര്‍ക്ക് കൈമാറിയിരുന്നു. തനിക്കെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് താന്‍ സിടി സ്‌കാന്‍ ചെ്തതിന്റെ രേഖകള്‍ കളക്ടര്‍ക്ക് കൈമാറിയതെന്നും എല്‍ദോ എബ്രഹാം വ്യക്തമാക്കി.     

Content Highlights: Collector submit report on Eldho abraham issue.