കൊച്ചി: മുളന്തുരുത്തി മാര്‍ത്തോമൻ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി. തിങ്കളാഴ്ചക്കുള്ളില്‍ പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എ എം ഷെഫീക്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്.
വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിന് കോടതി നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതില്‍ നടപടി ഉണ്ടായില്ലെന്നു കാണിച്ച് പള്ളി ട്രസ്റ്റി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയുടെ സഹായം തേടുന്നതാണ് നല്ലതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കിയിരുന്നു.
പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥനക്കുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കോവിഡ് രോഗ ഭീഷണിയും പ്രളയ സാഹചര്യങ്ങളും നിലനിലക്കുന്നതിനാല്‍ ഏറ്റെടുക്കാന്‍ കഴിയുന്ന സാഹചര്യമല്ല കളക്ടര്‍ക്കുള്ളതെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കേന്ദ്രസേനയുടെ സഹായം തേടാൻ കോടതി നിർദ്ദേശിച്ചത്.
സുപ്രീംകോടതിയെ വിധിയെത്തുടർന്ന് പള്ളിയിൽ പ്രാർഥന നടത്താൻ ഓർത്തഡോക്സ് വിഭാഗം എത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗം ഇവരെ തടയുകയായിരുന്നുവെന്ന് ആരോപിക്കുന്നു.
Content Highlights: collector should submit report before monday on Mulanthuruthy Church dispute case