കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ സിവിൽ സർവീസ് മോഹവുമായി ചായക്കട നടത്തുന്ന സംഗീത ചിന്നമുത്തുവിന് സഹായവുമായി എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്. പഠനത്തിനാവശ്യത്തിനുള്ള പുസ്തകങ്ങളടങ്ങിയ പഠനകിറ്റ് കളക്ടർ സംഗീതക്ക് കൈമാറി. കൊച്ചിയിലെ എ.എൽ.എസ് ഐഎഎസ് അക്കാദമിയുടെ സഹായത്തോടെയാണ് സംഗീതക്ക് പഠന കിറ്റ് നൽകിയത്. സിവിൽ സർവീസ് പഠനത്തോടൊപ്പം ചായക്കട നടത്തുന്ന സംഗീത ചിന്നമുത്തുവിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു.

എം.കോം പഠനത്തിന് ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടിൽ സ്വന്തമായായിരുന്നു സംഗീതയുടെ പഠനം. കൂട്ടുകാർ അയച്ചുനൽകുന്ന നോട്ട്സ് ഉപയോഗിച്ചായിരുന്നു സംഗീതയുടെ പഠനം മുന്നോട്ടുപോയിരുന്നത്. ഇത് അറിഞ്ഞാണ് കളക്ടർ പുസ്തകങ്ങൾ നൽകി സഹായിച്ചത്. കുട്ടിക്കാലം മുതലുള്ളതാണ് സംഗീതയുടെ ഐഎഎസ് നേടുകയെന്ന സ്വപ്നം. ബി കോമിന് ശേഷം ഇഗ്നോ വഴിയാണ് എംകോം പൂർത്തിയാക്കിയത്.

കളക്ടർ പുസ്തകങ്ങൾ എത്തിച്ച് നൽകിയതിൽ വളരെയധികം സന്തോഷമുണ്ട്. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് അദ്ദേഹം നേരത്തെ കടയിൽ കാണാൻ വന്നിരുന്നു. ഇപ്പോൾ അദ്ദേഹത്തെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സംഗീത മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ദിവസവും രാവിലെ കലൂർ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യാൻ എത്തുന്നവർക്ക് സുപരിചിതമാണ് സംഗീതയുടെ  ചൂടേറിയ ഹെർബൽ ടീയും സ്പെഷ്യൽ അടയും. പോണോത്ത് റോഡിലെ വീട്ടിൽ പുലർച്ചെ അമ്മയോടൊപ്പം എഴുന്നേറ്റ് അടയും ചായയും ഉണ്ടാക്കാൻ തുടങ്ങും. 6.30 ഓടെ കലൂർ സ്റ്റേഡിയത്തിന് പിറകിലുള്ള റോഡിൽ ചൂട് ചായയും സ്പെഷ്യൽ അടകളുമായി എത്തും. 9 വരെയാണ് കച്ചവടം.

മാർച്ച് ആദ്യത്തോടെയാണ് സ്റ്റേഡിയത്തിന് പിറകിലുള്ള റോഡിൽ ചായ വില്പന തുടങ്ങിയത്. ആദ്യം തന്റെ സ്കൂട്ടറിലായിരുന്നു ചായ വില്പന നടത്തിയിരുന്നത്. പിന്നീട് കച്ചവടം ചെറിയൊരു ഉന്തുവണ്ടിയിലേക്ക് മാറ്റി. പാലും പഞ്ചസാര ഉപയോഗിക്കാതെ ജാഗിരിയും ചുക്കും മറ്റ് ഔഷധക്കൂട്ടുകളുമെല്ലാം ചേർത്ത ഹെർബൽ ടീയാണ് വില്പന നടത്തുന്നത്. ഇതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം സ്വന്തം ആവശ്യങ്ങൾക്കെടുക്കാം. ഒപ്പം വീട്ടിലും സഹായമാകും.

തമിഴ്നാട്ടിലെ കമ്പത്തുനിന്ന് വർഷങ്ങൾക്ക് മുൻപാണ് സംഗീതയുടെ അച്ഛൻ ചിന്നമുത്തു കൊച്ചിയിലെത്തിയത്. സംഗീത ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. ഇസ്തിരി പണിക്കാരനായ ചിന്നമുത്തുവിന്റെയും സിംഗലി അമ്മാളിന്റെയും രണ്ട് മക്കളിൽ ഇളയവളാണ് സംഗീത.

Content Highlights:Collector gives books for Civil service aspirant sangeetha