ബൈജു
കെ.എസ്.ആര്‍.ടി.സി. എന്ന സ്ഥാപനത്തോടും തന്റെ ജോലിയോടും അത്രമേല്‍ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് അവിനാശിയിലുണ്ടായ അപകടത്തില്‍ മരിച്ച വി.ആര്‍.ബൈജു. എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടറായിരുന്നു ഇദ്ദേഹം. കെ.എസ്.ആര്‍.ടി.സിയുടെ ട്രിപ്പ് മുടങ്ങാതിരിക്കാന്‍ വെറും അരമണിക്കൂര്‍ മാത്രം വിശ്രമിച്ച ശേഷം ജോലി തുടര്‍ന്നിട്ടുണ്ട് ബൈജു.
2019 ഏപ്രിലിലാണ് സംഭവം. അതിങ്ങനെ: സാധാരണയായി കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളുടെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍.
എറണാകുളത്തുനിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട ഒരു മള്‍ട്ടി ആക്‌സില്‍ ബസ് കൃഷ്ണഗിരിയില്‍വെച്ച് ബ്രേക്ക് ഡൗണായി. തൊട്ടടുത്ത ദിവസം, എറണാകുളത്തുനിന്ന് വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്താനിരുന്ന ബസായിരുന്നു ഇത്. ബസിലെ മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം യാത്രക്കാര്‍ റിസര്‍വ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ബസ് കൃഷ്ണഗിരിയില്‍ ബ്രേക്ക് ഡൗണ്‍ ആയതോടെ അധികൃതര്‍ വിഷമവൃത്തത്തിലായി.
ട്രിപ്പ് കാന്‍സല്‍ ചെയ്യുകയെന്നതു മാത്രമായി അവര്‍ക്കു മുന്നിലുള്ള വഴി. എന്നാല്‍ അമ്പതോളം യാത്രക്കാരെ പെരുവഴിയിലാക്കും വിധത്തില്‍ ഒരു നടപടി സ്വീകരിക്കുകയും വയ്യ. തുടര്‍ന്ന് അധികൃതര്‍ തൊട്ടു തലേന്ന് എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് വിളിച്ചു വരുത്തിയാലോ എന്ന ആലോചനയിലായി. ബൈജുവും ആന്റണി റെന്‍സില്‍ റോച്ച എന്നയാളുമായിരുന്നു ആ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍. തുടര്‍ന്ന് അധികൃതര്‍ ഇക്കാര്യം ബൈജുവും ആന്റണിയുമായും ചര്‍ച്ച നടത്തി.
സാധാരണയായി, ദീര്‍ഘദൂര സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് അടുത്ത സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് എട്ടുമണിക്കൂര്‍ വിശ്രമം അനുവദിക്കുകയാണ് പതിവ്. എന്നാല്‍ അധികൃതരുമായി സംസാരിച്ചതിനു പിന്നാലെ, പ്രത്യേകസാഹചര്യം മുന്‍നിര്‍ത്തി ഈ വിശ്രമസമയം ഒഴിവാക്കാനും എറണാകുളത്തേക്ക് തിരിച്ചെത്താനും തീരുമാനിച്ചു. അങ്ങനെ 22-ാം തിയതി രാത്രി ഏഴുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെട്ട ബൈജുവിന്റെയും ആന്റണിയുടെയും ബസ് 23ന് രാവിലെ 7.30ന് ബെംഗളൂരുവിലെത്തി. തുടര്‍ന്ന് വെറും അരമണിക്കൂറത്തെ വിശ്രമത്തിനു ശേഷം ബൈജുവും ആന്റണിയും എറണാകുളത്തേക്ക് തിരിച്ചു. ബസ് എറണാകുളത്ത് എത്തിയതോടെ ട്രിപ്പ് മുടങ്ങുമായിരുന്ന സാഹചര്യം ഒഴിവാക്കപ്പെടുകയും ചെയ്തു.
content highlights: coimbatore ksrtc bus accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..