അപകടത്തിൽ പൂർണമായും തകർന്ന ബസ്. Photo Courtesy: Sun News
ഒന്നുറങ്ങി എണീക്കുമ്പോഴേക്കും വീട്ടിലെത്താം, ഉറ്റവരെ കാണാം... ഈ പ്രതീക്ഷയില്‍ ഒന്നു മയങ്ങാന്‍ കണ്ണടച്ചവരും ഉണ്ടായിരുന്നിരിക്കണം ആ ബസില്‍. പുലര്‍ച്ചെ, മരണം അപകടത്തിന്റെ രൂപത്തില്‍ വഴിമധ്യേ കാത്തിരിക്കുന്നുണ്ടെന്ന് അറിയാതെ അവര്‍ യാത്ര ആരംഭിച്ചു. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് തിരിച്ച കെ.എസ്.ആര്‍.ടി.സി. ബസ് തമിഴ്‌നാട് അവിനാശിയില്‍വെച്ചാണ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.
ഡ്രൈവറും ഡ്രൈവര്‍ കം കണ്ടക്ടറും ഉള്‍പ്പെടെ ഇരുപതു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരില്‍ പത്തു പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 23 പേര്‍ ആശുപത്രിയിലാണ്. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍വെച്ച് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ടൈല്‍സുമായി കേരളത്തില്‍നിന്നു പോയ കണ്ടെയ്‌നര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. കേരള രജിസ്‌ട്രേഷനിലുള്ളതാണ് ഈ ലോറി. കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനു പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആകെ 48 പേരാണ് ബസിലുണ്ടായിരുന്നത്.
പാതിവഴിയില്‍ അവസാനിച്ച യാത്ര
ബുധനാഴ്ച വൈകിട്ടോടെയാണ് ബസ് ബെംഗളൂരുവില്‍നിന്ന് തിരിച്ചത്. ബസ്സിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നുവെന്നാണ് സൂചന. ശിവരാത്രി അവധി കണക്കാക്കിയും തൊഴില്‍ ആവശ്യത്തിനായുമൊക്കെ യാത്ര തിരിച്ചവരായിരിക്കണം ഇവരെന്നാണ് സൂചന.കണ്ടെയ്‌നറിന്റെ ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെ വലതുഭാഗത്ത് ഡ്രൈവറും പിന്‍നിരയിലെ സീറ്റിലിരുന്നവരുമാണ് മരിച്ചത്. ഈ ഭാഗത്തേക്ക് കണ്ടെയ്‌നര്‍ ഇടിച്ചു കയറുകയായിരുന്നു. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. 25പേര്‍ എറണാകുളത്തേക്കും 19 പേര്‍ തൃശ്ശൂരിലേക്കും പാലക്കാട്ടേക്ക് നാലുപേരുമാണ് സീറ്റ് റിസര്‍വ് ചെയ്തിരുന്നത്.
ഛിന്നഭിന്നമായ ദേഹങ്ങള്‍
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍. യാത്രക്കാരില്‍ പലരുടെയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമായി പോയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ സമീപത്തേക്കു പോലും തെറിച്ചു. ബസിലും കണ്ടെയ്‌നര്‍ ലോറിയിലുമായി ചിതറിക്കിടന്ന ശരീരഭാഗങ്ങള്‍ പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മാറ്റുകയായിരുന്നു. അപകടത്തില്‍ തകര്‍ന്ന ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.രക്ഷാപ്രവര്‍ത്തനം വൈകി
അപകടം നടന്നത് നഗരത്തില്‍നിന്ന് വളരെ ദൂരെ ആയിരുന്നതിനാലും പുലര്‍ച്ചെ ആയിരുന്നതിനാലും രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസമുണ്ടായി. പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നീട് പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും സ്ഥലത്തെത്തി.
മരിച്ചവരില്‍ 11 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റോസ്‌ലി (തൃശ്ശൂര്‍), ഗിരീഷ് (എറണാകുളം, ഇഗ്നി റാഫേല്‍ (ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് (തൃശ്ശൂര്‍), ശിവകുമാര്‍ (ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന്‍ ഷാജു (തുറവൂര്‍), നസീബ് മുഹമ്മദ് അലി (തൃശ്ശൂര്‍), കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 19 മൃതദേഹങ്ങളും അവിനാശി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
content highlights: Coimbatore ksrtc bus accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..