-
കോയമ്പത്തൂര്‍: കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടക്കുമ്പോള്‍ ബസിലെ എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി. ഇരുട്ടായതിനാല്‍ അപകടത്തിന് ശേഷം ഒന്നും വ്യക്തമായി കാണാന്‍ സാധിച്ചില്ല. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ശ്രീലക്ഷ്മി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ബെംഗളൂരുവില്‍നിന്ന് തൃശൂരിലേക്ക് ഒറ്റയ്ക്കായിരുന്നു യാത്ര, മുന്‍ഭാഗത്ത് കണ്ടക്ടര്‍ സീറ്റിന് സമീപമാണ് ഇരുന്നത്. ഉറങ്ങുന്നത് വരെ കണ്ടക്ടറും ആ സീറ്റിലുണ്ടായിരുന്നു. പിന്നെ സീറ്റ് മാറിയിരുന്നോയെന്ന് അറിയില്ല. അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചതായി ഇപ്പോള്‍ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും ഓര്‍മയില്ല. വലിയ ശബ്ദത്തോടെയുള്ള ഇടി മാത്രമാണ് ഓര്‍മയിലുള്ളത്. പിന്നീട് എല്ലാം ഛിന്നഭിന്നമായി കിടക്കുന്നതാണ് കാണുന്നത്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും മറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. ആംബുലന്‍സില്‍ പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ലാത്തവര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രഥമ ശ്രുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.
ഒപ്പമുണ്ടായിരുന്ന യാത്രക്കാരെക്കുറിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. ബസിന്റെ വലതുഭാഗത്തിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലും പരിക്കേറ്റതെന്നും ശ്രീലക്ഷ്മി പറഞ്ഞു.
കാലിന് ചെറിയ പരിക്ക് മാത്രമുള്ള ശ്രീലക്ഷ്മിയെ തൊട്ടടുത്തുള്ള രേവതി ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്ത ശ്രീലക്ഷ്മി തിരുപ്പൂരിലുള്ള സുഹൃത്തിന്റെ വീട്ടിലാണിപ്പോള്‍. രക്ഷിതാക്കളെത്തിയ ശേഷം അവര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.
അപകടത്തില്‍ 19 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. 11 പേരെ തിരിച്ചിറഞ്ഞിട്ടുണ്ട്. 23 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പുറമേ ആകെ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ ഏറെയും.
content highlights; coimbatore ksrtc accident, survived passenger describe about accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..