-
തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ അലന്‍ ചാള്‍സ് അപകടത്തെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു. എറണാകുളം സ്വദേശിയാണ് അലന്‍.
'ഡ്രൈവറുടെ സൈഡില്‍ ഏറ്റവും പിറകിലെ സീറ്റിലായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. ബസ്സിലെ എല്ലാവരും നല്ല ഉറക്കമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. വണ്ടി ഇടിച്ച ആഘാതത്തില്‍ ഇടതുവശത്തേക്ക് വീഴുന്നതിനിടയിലാണ് ബസിടിച്ചു എന്നാളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്. പിന്നെ എങ്ങനെയൊക്കെയോ ബസ്സില്‍ നിന്ന് പുറത്തുകടന്നു. ഭാഗ്യത്തിന് പരിക്കൊന്നുമില്ല. ബസ്സിന്റെ നടുഭാഗത്താണ് കണ്ടെയ്‌നല്‍ ലോറി വന്നിടിച്ചിരിക്കുന്നത്. മരിച്ചവരില്‍ ഏറെ പേരും അവിടെ ഇരുന്നവരായിരിക്കണം.
എന്റെ തൊട്ടടുത്ത് തൃശ്ശൂര്‍ നിന്നുള്ള ഒരു ചേട്ടനാണ് ഇരുന്നിരുന്നത്. പേരറിയില്ല. സംസാരിക്കാന്‍ അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ല. അദ്ദേഹത്തെ പിന്നെ കണ്ടില്ല. തിരുപ്പൂരുവെച്ച് പാലക്കാട് നിന്നുള്ള ദമ്പതിമാരെ പരിചയപ്പെട്ടിരുന്നു. അവര്‍ക്ക് ചെറിയ പരിക്കുകളേ ഉള്ളൂ. തിരുപ്പൂരിലെ ആശുപത്രിയിലെത്തി അവരെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയി.
രാത്രിയിലായതിനാല്‍ എല്ലാവരും ക്ഷീണത്തിലായിരുന്നു. ഉറങ്ങാനുള്ള തിടുക്കത്തില്‍ ആരും പരിചയപ്പെടാനൊന്നും മെനക്കെട്ടില്ല. വണ്ടിക്ക് അപകടം പറ്റുമ്പോഴും എല്ലാവരും ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ വിവരമന്വേഷിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് 'ഉറക്കത്തിലായിരുന്നു എന്താണ് സംഭവിച്ചതെന്നറിയില്ല, ഇടിയുടെ ആഘാതത്തിലാണ് ഞെട്ടി എഴുന്നേറ്റതെന്നാണ്.' ഞാനിപ്പോള്‍ കൊയമ്പത്തൂര്‍ കെഎംസിഎച്ച് ഹോസ്പിറ്റലില്‍ ഉണ്ട്. ഇവിടെ എനിക്കൊപ്പം ബസില്‍ ഉണ്ടായ രണ്ടുയാത്രക്കാര്‍ കൂടിയുണ്ട്. ഒരാളുടെ പേര് അഖില്‍എന്നും മറ്റേയാളുടെ പേര് ജെമിന്‍ എന്നുമാണ്. രണ്ടുപേര്‍ക്കും ചെറിയതോതിലുള്ള പരിക്കുകളേ ഉള്ളൂ. ഞങ്ങള്‍ മൂന്നുപേരുടെയും രക്ഷിതാക്കള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഉടന്‍ നാട്ടിലേക്ക് തിരിക്കും.'
Content Highlights: Coimabatore KSRTC bus accident Alan Charles says about the accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..