തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഫേപോസ (COFEPOSA) നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കള്ളക്കടത്തിന്റെ എല്ലാ ഉള്ളറകളും പുറത്തുകൊണ്ടുവരാന്‍ സിബിഐക്കു മാത്രമേ സാധിക്കൂ. സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സൃഷ്ടിക്കണം. കോഫേപോസ നിയമപ്രകാരം കേസ് ചാര്‍ജ് ചെയ്യണം. മുഖ്യമന്ത്രിയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ഇതു പ്രകാരം അഞ്ചുമുതല്‍ 15 ദിവസം വരെയുള്ള സമയം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് നിയമം. എത്രയും പെട്ടെന്ന് സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യണം.- മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സ്പ്രിങ്കളര്‍ ഇടപാടിന്റെ മുഖ്യസൂത്രധാരന്‍ ഐടി സെക്രട്ടറി ശിവശങ്കറായിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍, ഇ-ബസ് ഇടപാടുകളുടെയും സൂത്രധാരന്‍ ഇദ്ദേഹമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡം എന്തായിരുന്നു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. 

നിയമനത്തെക്കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു നിയമനവും മുഖ്യമന്ത്രിയോ പാര്‍ട്ടിയോ അറിയാതെ നടന്നിട്ടില്ലെന്ന് ഉറപ്പാണ്. വലിയ തസ്തികയിലാണ് സ്വപ്‌ന സുരേഷിന് നിയമനം നല്‍കിയത്. കണ്ണടച്ച് പാല്‍കുടിച്ച പൂച്ചയുടെ ഭാവമായിരുന്നു മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നത്. 

സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയിലേയ്ക്കും ഓഫീസിലേയ്ക്കും തന്നെയാണ് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മേഞ്ഞുനടക്കുന്ന മഹിളയാണ് സ്വപ്ന സുരേഷ്. പല മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഗള്‍ഫ് യാത്രകളില്‍ ഇവര്‍ അനുഗമിച്ചിട്ടുണ്ട്. പത്ത് തവണ സ്വര്‍ണം യുഎഇയില്‍നിന്ന് ഒളിച്ചുകടത്തി. ഇവര്‍ ഒളിവില്‍ കഴിയുന്നതില്‍ ഐഎഎസുകാരുടെ സഹായമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

യുഎഇയുമായുള്ള ബന്ധത്തെ ഇത് കളങ്കപ്പെടുത്തിയിരിക്കുന്നു. ആരാണ് സ്വര്‍ണം കൈപ്പറ്റിയത്, എവിടേയ്ക്ക് പോയി, എത്ര ഉന്നതന്‍മാര്‍ക്ക് പങ്കുണ്ട്, എത്ര കോടിയുടെ സ്വര്‍ണം കേരളത്തിലെത്തി, സിപിഎമ്മിനും ഉദ്യോഗസ്ഥര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി- എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദീകരിക്കപ്പെടണം. സ്വപ്‌നയുടെ മകള്‍ക്ക് എസ്.എഫ്.ഐയുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അടുത്തദിവസം മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സമരപരിപാടികള്‍ ആരംഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Content Highlights: COFEPOSA to be charged in gold smuggling case; CM's role should be investigated- mullappally