കൊച്ചി: കൊച്ചി കപ്പല്‍ശാലക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിൽ വഴി വന്ന ഭീഷണി.  ഇതിനെത്തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. 

ഓഗസ്റ്റ് 24 ന് ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി ലഭിച്ചിരുന്നു. തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി ലഭിച്ചിരിക്കുന്നത്. അതേസമയം ആദ്യ ഭീഷണിയില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. 

ആദ്യ ഭീഷണിയില്‍ കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഭീഷണിയുമായി ബന്ധപ്പെട്ട് കപ്പല്‍ശാല ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Cochin Shipyard gets threat of attack