വിധി നീളുമ്പോള്‍ ആശ്വാസം സര്‍ക്കാരിന്‌; മുന്നൊരുക്കമായി ലോകായുക്തയുടെ ചിറകരിഞ്ഞ് നിയമഭേദഗതി


2 min read
Read later
Print
Share

മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഭിന്നവിധി പുറപ്പെടുവിച്ചതോടെ സര്‍ക്കാരിന് താൽകാലികാശ്വാസം. ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ലോകായുക്തയുടെ മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ടതോടെ സര്‍ക്കാരിന് സമയം ലഭിക്കും. എതിരായ ഒരു വിധി ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ രാജിയിലേക്കുവരെ കാര്യങ്ങള്‍ എത്തിയേക്കാമായിരുന്നിടത്താണ് ഇപ്പോള്‍ തീരുമാനം നീട്ടിവെക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹർജി ഫുള്‍ ബെഞ്ചിന് വിട്ടതോടെ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു കൂടി അടങ്ങുന്ന ബെഞ്ചാണ് ഇനി ഹര്‍ജി പരിഗണിക്കുക. ഇതിനുള്ള നടപടിക്രമങ്ങള്‍ക്കായി എടുക്കുന്ന സമയം സര്‍ക്കാരിന് അനുയോജ്യമായി വിനിയോഗിക്കാനും കഴിയും എന്നതാണ് സര്‍ക്കാരിന് സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നേട്ടം.

ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിരുന്നു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ശ്രമം ഇതിന്റെ മുന്നൊരുക്കമായിരുന്നു. ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെയാണ് ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാപനം നടത്താന്‍ അധികാരം നല്‍കുന്നതാണ് ലോകായുക്തയുടെ 14-ാംവകുപ്പ്. ഇതില്‍ മാറ്റംവരുത്താനും ലോകായുക്തയുടെ റിപ്പോര്‍ട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നും ഉള്ളതായിരുന്നു ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരാന്‍ ഉദ്ദേശിച്ച ഭേദഗതി. ഇതിനുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. അതിനാല്‍ പഴയ നിയമമാണ് നിലനില്‍ക്കുന്നത്. ലോകായുക്ത വിധി എതിരായാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ബന്ധമായും രാജിവെക്കേണ്ട വ്യവസ്ഥയാണ് നിലവിലുള്ളത്.

ലോകായുക്ത ഫുൾ ബെഞ്ചിന്‍റെ വിധി ഉണ്ടാവുന്നതിന് മുമ്പായി ലോകായുക്ത നിയമഭേദഗതിയിൽ ഗവർണറുടെ അംഗീകാരം നേടാനായാൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് സർക്കാരിന് രക്ഷപ്പെടാനാവും. എന്നാൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണറെ അനുനയിപ്പിക്കാനും ലോകായുക്ത ബിൽ അടക്കമുള്ളവയിൽ അനുകൂല തീരുമാനം എടുപ്പിക്കാനും സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അല്ലെങ്കിൽ, ഫുൾ ബെഞ്ചിന്‍റെ അന്തിമ വിധി നീളുന്ന സാഹചര്യമുണ്ടാകണം. എന്നാൽ ഇത് എത്രത്തോളം സാധിക്കും എന്നതും പ്രശ്നമാണ്. സമയബന്ധിതമായി ലോകായുക്തയുടെ തീരുമാനം ഉണ്ടാകുന്നതിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിട്ടുമുണ്ട്.

2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18-ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് വിധി പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിധിപറയാന്‍ ലോകായുക്ത നിര്‍ബന്ധിതമായത്. ഇപ്പോള്‍ വിധിപ്രഖ്യാപനം ഉണ്ടായ നിലയ്ക്ക് ഏപ്രില്‍ മൂന്നിന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന ഹര്‍ജി ഇനി പ്രസക്തമല്ലാതാകും.

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ ആര്‍.എസ്.ശശികുമാര്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിശദമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അദ്ധ്യക്ഷനായ ലോകായുക്തയുടെ ഫുള്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു.

Content Highlights: cmdrf case: lokayukta transfers plea to three member bench; temporary relief for the government

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


UDF-LDF

3 min

9,9,1: ഉപതിരഞ്ഞെടുപ്പില്‍ UDF ന് രണ്ട് സീറ്റ് നേട്ടം, LDF ന് മാറ്റമില്ല,BJP ക്ക് ഒരു സീറ്റ് പോയി

May 31, 2023


arikomban, sabu m jacob

2 min

ഉദ്ദേശ്യമെന്ത്? ഉള്‍ക്കാട്ടില്‍ പോയിട്ടുണ്ടോ; അരിക്കൊമ്പന്‍ ഹര്‍ജിയില്‍ സാബുവിന് രൂക്ഷ വിമര്‍ശം

May 31, 2023

Most Commented