തിരുവനന്തപുരം:   കേരളത്തിലെ മതനിരപേക്ഷ മനസ്സ് സ്വാമി സന്ദീപാനന്ദഗിരിയോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച പുലര്‍ച്ചെ ആക്രമണം നടന്ന സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി. 

ഏറ്റവും ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തില്‍ നിന്നും ഫയര്‍ ഫോഴ്സിന്റെയും മറ്റു ഏജന്‍സികളുടെയും  സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരപകടം ഒഴിവാക്കാന്‍ കഴിഞ്ഞു. വിഷ്ണു തുല്യമായ ജീവിതം നയിച്ച മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ നമ്മുടെ രാജ്യത്ത് തുടര്‍ന്നും ഒട്ടേറെ ആക്രമണങ്ങള്‍ നടത്തി വരുന്നത് കണ്ടു കൊണ്ടിരിക്കുന്നവരാണ് നമ്മള്‍. കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാന്‍ വേണ്ടി വര്‍ഗീയ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിലൂടെ വര്‍ഗീയ ശക്തികളുടെ തനി നിറം ശരിയായ രീതിയില്‍ തുറന്നു കാണിക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാ ഘട്ടത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

കുറച്ചു നാള്‍ മുന്ന് ഈ ആശ്രമത്തിനു നേരെ ചില നീക്കങ്ങളും സംഘപരിവാറിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതും സത്യമാണ്. സ്വാമിജിയെ ഭീഷണിപ്പെടുത്തി പിന്‍തിരിപ്പിക്കാനായിരുന്നു ശ്രമം. പക്ഷേ സംഘപരിവാറിനു മനസിലാകാത്ത കാര്യമുണ്ട്. യഥാര്‍ഥ സ്വാമിമാര്‍ ആരെയാണ് ഭയപ്പെടേണ്ടത്? കപടസന്യാസിമാരെ പ്രലോഭിപ്പിക്കാനും സ്വാധീനിക്കാനും കഴിയും. ഭീഷണിപ്പെടുത്താനും കഴിയും. എന്നാല്‍ യഥാര്‍ഥ സന്ന്യാസിമാരെ ഇത്തരം ശക്തികള്‍ക്ക് ഭാഷണിപ്പെടുത്താന്‍ കഴിയില്ല. അതു കൊണ്ടു തന്നെ സ്വാമിജി തന്റെ ദൗത്യവുമായി മുന്നോട്ടു പോയി. 

നവോഥാന മൂല്യങ്ങളെ തകര്‍ക്കാനും നാടിനെ പുറകോട്ടടുപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ തുറന്നു കാട്ടി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിലൂടെ കേരളത്തിലെ നവോഥാന നായകര്‍ വഹിച്ച പങ്കാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്തു കൊണ്ടിരിക്കുന്നത്. അത്തരമൊരാളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ഈ പ്രവൃത്തികള്‍ എന്ന് സാധാരണക്കാരനു വരെ മനസിലാകും. കേരളത്തിലെ മതനിരപേക്ഷ മനസുകളെല്ലാം സ്വാമിജിയോടൊപ്പമുണ്ട്. അദ്ദേഹത്തിന് തന്റെ ദൗത്യം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയട്ടെ. ക്രമിനലുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. 

നിയമത്തിന്റെ കരങ്ങളിലേല്‍പ്പിക്കാനും പോലീസ് സന്നദ്ധമാകും. വെന്തുരുകി മരണപ്പെടാനിടയാക്കുന്ന തരത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട സ്വാമിജിയെ നമുക്ക് നമ്മുടെയെല്ലാം ഹൃദയത്തില്‍ സ്വീകരിക്കാം. ഈ ആശ്രമം നശിപ്പിക്കലല്ല, സ്വാമിജിയെ നശിപ്പിക്കലായിരുന്നു ലക്ഷ്യം. ആശ്രമത്തിന്റെ പഴയ പ്രൗഢി വീണ്ടെടുക്കേണ്ടതുണ്ടെന്നും മതനിരപേക്ഷ ശക്തികളെല്ലാം ആ ദൗത്യം കൂടി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.