മാതൃഭൂമി ശതാബ്ദി ആഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രമോദ് കുമാർ/ മാതൃഭൂമി
കൊച്ചി: ഒരുവര്‍ഷം നീണ്ട മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മുഖ്യാതിഥിയായി. ആഘോഷങ്ങളുടെ ഭാഗമായി അരനൂറ്റാണ്ട് തികച്ച മാതൃഭൂമി ഏജന്റുമാരെ ആദരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറും ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും ചേര്‍ന്നാണ് ആദരമര്‍പ്പിച്ചത്.
മാതൃഭൂമി നൂറുവര്‍ഷം മുമ്പേ പറഞ്ഞ മൂല്യങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മലയാളിക്ക് മാതൃഭൂമി ഒരു ബഹുശാഖാ മാധ്യമപ്രസ്ഥാനം മാത്രമല്ല. മലയാളിയുടെ സാമൂഹികജീവിതത്തിന്റേയും പരിണാമത്തിന്റേയും സംസ്‌കാരത്തിന്റേയും ചരിത്രമുദ്ര കൂടിയാണ്. മാതൃഭൂമിയെ മാറ്റിനിര്‍ത്തി കേരളത്തിന് സ്വാതന്ത്ര്യസമര ചരിത്രമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വഴികാട്ടിയായ തിളങ്ങുന്ന നക്ഷത്രമാണ് മാതൃഭൂമിയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മാതൃഭൂമിയെ പോലുള്ള മാധ്യമസ്ഥാപനങ്ങള്‍ രാജ്യസേവനത്തിന്റെ നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ജനാധിപത്യം നേരിട്ട വെല്ലുവിളികളെ സമര്‍ത്ഥമായി അതിജീവിച്ച ചരിത്രമാണ് മാതൃഭൂമിക്കുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് എം.പി. വീരേന്ദ്രകുമാര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ രാജ്യം മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആധുനിക സാങ്കേതികവിദ്യകള്‍ക്കൊപ്പം മുന്നേറുമ്പോഴും മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ക്കൊപ്പമാണ് മാതൃഭൂമിയുടെ മുന്നോട്ടുള്ള യാത്രയെന്ന് അധ്യക്ഷപ്രസംഗത്തില്‍ മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും, ഭാരതത്തിന്റെ സംഘര്‍ഷഭരിതമായ രാഷ്ട്രീയവുമായി ഇഴപിരിച്ചെടുക്കാനാവാത്തത്ര ചേര്‍ന്നുകിടക്കുന്നതാണ് മാതൃഭൂമിയുടെ ചരിത്രമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

എം.വി. ശ്രേയാംസ് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ പി.വി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍
മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ്, മുതിര്‍ന്ന സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, എം.പിമാരായ ബെന്നി ബെഹനാന്‍, ജോസ് കെ. മാണി, ജെബി മേത്തര്‍, ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് നന്ദി പറഞ്ഞു.
Content Highlights: cm said that the values expressed by Mathrubhumi a hundred years ago are still relevant today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..