തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണം ഈ മാസം 15-മുതല്‍ ജില്ലാ അടിസ്ഥാനത്തിലായരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മരണങ്ങള്‍ നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരങ്ങളടക്കം കുടുംബങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. പുതിയ തീരുമാനമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍മാര്‍ക്ക് തന്നെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഐസിഎംആറിന്റെ മാനദണ്ഡം അനുസരിച്ചാണ് കോവിഡ് മരണമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. നേരത്തെ ഓരോ പ്രദേശത്തും ഉണ്ടാകുന്ന മരണം സംസ്ഥാന അടിസ്ഥാനത്തിലായിരുന്നു കോവിഡാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിരുന്നത്. അത് ഒട്ടേറെ കാലതാമസത്തിനിടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐസിഎംആറിന്റെ മാനദണ്ഡമനുസരിച്ച് ബന്ധപ്പെട്ട ആശുപത്രി ഡോക്ടര്‍ക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യാം. ജില്ലാ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാം. ഈ പതിനഞ്ചോട് കൂടി ആ തീരുമാനമാണ് നടപ്പിലാകുക. ഇതേ വരെയുള്ള കേസുകളില്‍ വേഗത്തില്‍ നിര്‍ണയം നടത്തി നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.