മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം | Photo: Screengrab from Mathrubhumi News
കൊച്ചി: കോട്ടയത്തിന് പിന്നാലെ എറണാകുളത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്ക്. മാധ്യമപ്രവര്‍ത്തകയുടെ കറുത്ത മാസ്ക് സംഘാടകര്‍ നിര്‍ബന്ധിച്ച് മാറ്റിച്ചു. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ദിവ്യ ജോസഫിന്റെ കറുത്ത മാസ്കാണ് സംഘാടകര്‍ മാറ്റിച്ചത്. പകരം ധരിക്കാനായി മാധ്യമപ്രവര്‍ത്തകയ്ക്ക് നീല മാസ്ക് സംഘാടകര്‍ നല്കി.
പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ചപ്പോള്‍ മാസ്ക് മാറ്റാന്‍ സംഘാടകര്‍ അറിയിച്ചതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയായതിനാല്‍ കറുത്ത മാസ്ക് അനുവദിക്കാനാകില്ലെന്ന് അറിയിച്ചു. എന്നാല്‍ കാരണം ചോദിച്ചപ്പോള്‍ സംഘാടകര്‍ വ്യക്തമായി ഒന്നും പറഞ്ഞില്ലെന്നും ദിവ്യ ജോസഫ് പറഞ്ഞു. എന്നാല്‍ കറുത്ത മാസ്ക് ധരിച്ച ചിലരെ പരിപാടി നടക്കുന്ന സ്ഥലത്ത് കണ്ടിരുന്നതായും ദിവ്യ പറഞ്ഞു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കൊച്ചിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാന ജങ്ഷനുകളിലെല്ലാം പോലീസിനെ വിന്യസിച്ചു. കോട്ടയത്തെ പരിപാടിക്ക് ശേഷം ഒരുമണിയോടെയാണ് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് എത്തിയത്. കോട്ടയത്ത് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്തും വലിയതോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പടുത്തിയിട്ടുള്ളത്.
നേരത്തെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നില്‍ നിന്നവര്‍ക്കും കറുത്തമാസ്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്ക് മാറ്റാന്‍ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അസാധാരണായ സുരക്ഷാ സന്നാഹങ്ങളോടെയാണ് കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി നടന്നത്. പക്ഷേ, വന്‍ സുരക്ഷാ വിന്യാസങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..