ദുരിതാശ്വാസത്തിൽ കൈയിട്ടുവാരി ഉദ്യോഗസ്ഥരും ഡോക്ടർമാരും; 2 വര്‍ഷത്തെ കണക്കുതന്നെ ഞെട്ടിക്കുന്നത്


By വിഷ്ണു കോട്ടാങ്ങല്‍

4 min read
Read later
Print
Share

5000 അപേക്ഷകള്‍ വിജിലന്‍സ് പരിശോധിക്കുന്നു

പിണറായി വിജയൻ | Photo: Mathrubhumi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായധനത്തട്ടിപ്പിനു പിന്നില്‍ ആസൂത്രിത നീക്കമെന്നാണ് വിജിലന്‍സ് പറയുന്നത്. ശരിയായിരിക്കാം, കാരണം പല ജില്ലകളിലായി അനര്‍ഹര്‍ക്ക് ദുരിതാശ്വാസ സഹായം കിട്ടിയെങ്കില്‍ അതിന് പിന്നില്‍ സംഘടിതമായ സംവിധാനം ഉണ്ടായിരിക്കും. അനര്‍ഹര്‍ക്ക് സഹായം ലഭിക്കുന്നുവെന്ന് പരാതി കിട്ടിയപ്പോള്‍ വെറും രണ്ടു വര്‍ഷത്തെ അപേക്ഷകള്‍ പരിശോധിച്ചപ്പോള്‍ തന്നെ തട്ടിപ്പിന്റെ ആഴം കണ്ട് അന്വേഷിക്കുന്നവരും സര്‍ക്കാരും തന്നെ ഞെട്ടിയിട്ടുണ്ട്. ചില അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ വിളിച്ച് അപേക്ഷാകാര്യം അന്വേഷിച്ചിരുന്നു. പണം അനുവദിച്ചിരുന്ന ഇവര്‍ക്ക് അത് ലഭിച്ചില്ലെന്നും വിവരം കിട്ടി. തുടര്‍ന്നാണ് വിജിലന്‍സിനോട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഇതേ തുടര്‍ന്നുള്ള പരിശോധന ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വിവിധ ഓഫീസുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളും ഫീല്‍ഡുതല പരിശോധനയും പൂര്‍ത്തിയാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് വിലയിരുത്തല്‍. വിവിധ ഓഫീസുകളില്‍നിന്നുള്ള അയ്യായിരത്തിലധികം അപേക്ഷാ ഫയലുകള്‍ പരിശോധനയിലാണ്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം തുടര്‍നടപടികളുണ്ടാകും. ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ഏജന്റുമാരും അടങ്ങുന്ന സംഘമാണ് അനര്‍ഹര്‍ക്ക് സഹായം നല്‍കാന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. വിവിധ ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന സംഘത്തെപ്പറ്റി വിജിലന്‍സിന്റെ കണ്ടെത്തല്‍ ഇങ്ങനെ:

* പാലക്കാട് ജില്ലയില്‍ പരിശോധിച്ച 90 അപേക്ഷകളില്‍ 34 എണ്ണത്തിലും ഒരു ഡോക്ടര്‍ തന്നെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
* വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുക ലഭിച്ചയാള്‍ക്ക് ഒരു ലക്ഷം രൂപ സഹായധനം നല്‍കി.
* ചില ജില്ലകളില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയും സഹായധനം നല്‍കി.
* എറണാകുളം, കൊല്ലം ജില്ലകളില്‍ സഹായധനം നല്‍കിയ ഒട്ടേറെ അപേക്ഷകളുടെ റെക്കോഡുകള്‍ സൂക്ഷിച്ചിട്ടില്ല.
* കൊല്ലത്ത് കോവിഡ് ബാധിതനായ വ്യക്തിക്ക് മരിച്ച ശേഷം ദുരാതശ്വാസ നിധിയില്‍നിന്നുള്ള സഹായധനം നല്‍കി. മരിക്കുംമുമ്പ് നല്‍കിയ അപേക്ഷയിലാണ് മരിച്ച ശേഷം നടപടിയെടുത്തത്.

ഒറ്റയടിക്ക് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആളെ കാണാതെയും സര്‍ട്ടിഫിക്കറ്റ് റെഡി

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് തുക അനുവദിക്കാനുള്ള തട്ടിപ്പ് നടന്നത്. എല്‍.ഡി.എഫിന് വോട്ട് പിടിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ തട്ടിപ്പെന്നാണ് വിവരം. അതേസമയം, ഇത് പുറത്ത് വന്നതിന് പിന്നില്‍ സി.പി.എമ്മുകാരനായ ജനപ്രതിനിധി കൂടിയുണ്ടെന്നുള്ളത് വിരോധാഭാസമായി. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റാണ് വ്യാജ സര്‍ട്ടിഫിക്കറ്റിനേപ്പറ്റിയുള്ള പരാതി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.

കാര്യമായ രോഗങ്ങളില്ലാത്തവരും രാഷ്ട്രീയ ശുപാര്‍ശയില്‍ എത്തിയവരും ഉള്‍പ്പെടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു വ്യാപകമായി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്റെ പത്തനാപുരം അലിമുക്കിലെ ആശുപത്രിയിലെ ഡോക്ടറായ സുകൃത് സി. നാരായണ്‍ ഒറ്റയടിക്ക് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായാണു കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവരില്‍ ഏറെയും സി.പി.എം. അനുഭാവികളാണെന്നാണു വിവരം.

ആളെ കാണുക പോലും ചെയ്യാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതിയുമുണ്ടായിരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പാണു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. അഞ്ചല്‍, ഏരൂര്‍, അലയമണ്‍ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ നഗരസഭ എന്നിവയുടെ പരിധിയിലുള്ളവരാണ് ഈ ഡോക്ടറില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം കൈപ്പറ്റിയത്. രണ്ടു വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് കൊല്ലം ജില്ലയിലാണ് കൂടുതലെന്നും മനോജ് എബ്രഹാം പറയുന്നു.

കരുനാഗപ്പള്ളിയില്‍ 14 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടറുടേതാണ്. ഇതേ ഡോക്ടര്‍ ഒരേ വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നാല് സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടു ദിവസങ്ങളിലായി നല്‍കി. നിലമ്പൂരില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും തുക അനുവദിച്ചിട്ടുണ്ട്. വിദഗ്ധരല്ലാത്ത ഡോക്ടര്‍മാര്‍ ഗുരുതര രോഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും കണ്ടെത്തി.

പാലക്കാട്ട് പരിശോധിച്ച 15 അപേക്ഷകളില്‍ അഞ്ച് അപേക്ഷകളോടൊപ്പം ചേര്‍ത്തിരുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹൃദ്രോഗത്തിന് ആയുര്‍വേദ ഡോക്ടര്‍ നല്‍കിയതാണ്. അഞ്ച് അപേക്ഷകളും സമര്‍പ്പിച്ചത് ഒരേ ഏജന്റാണ്. കാസര്‍കോട്ട് രണ്ട് അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒരേ കൈയക്ഷരമാണ്. എന്നാല്‍, ഒപ്പ് രണ്ട് ഡോക്ടര്‍മാരുടേതും.

മരിച്ചയാളുടെ അക്കൗണ്ടിലേക്കും സഹായധനം; സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്പെഷ്യലിസ്റ്റുകള്‍

വിദഗ്ധ ഡോക്ടര്‍ നല്‍കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്യൂട്ടി ഡോക്ടര്‍മാര്‍ നല്‍കിയതായി ആലപ്പുഴയിലെ മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിട്ടുണ്ട്. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങി അസ്ഥി സംബന്ധമായ അസുഖങ്ങള്‍ വരെ ഏതിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറുമുണ്ട്. കായംകുളം താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ ചികിത്സിക്കാത്ത ആളുകള്‍ക്കും മറ്റു ഡോക്ടര്‍മാരുടെ ചികിത്സയിലുണ്ടായിരുന്നവര്‍ക്കും സ്ഥിരമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും കണ്ടെത്തി.

കോട്ടയത്ത് മരണപ്പെട്ട രോഗിയുടെ അക്കൗണ്ടിലേക്കു രണ്ട് തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു പണമെത്തിയതായി കണ്ടെത്തി. മകനാണ് അമ്മയ്ക്കു വേണ്ടി അപേക്ഷ നല്‍കിയിരുന്നത്. അമ്മ മരിക്കുന്നതിനു മുന്‍പ് നല്‍കിയ അപേക്ഷയില്‍ പണം അനുവദിക്കാന്‍ വൈകിയതാണോ എന്നറിയാന്‍ ഇന്നു ദുരിതാശ്വാസ സെല്ലിലെ ബന്ധപ്പെട്ട സെക്ഷനില്‍ വിശദപരിശോധന നടത്താനാണു തീരുമാനം.

കോട്ടയം മുണ്ടക്കയം സ്വദേശിക്ക് 2017ല്‍ ഹൃദ്രോഗത്തിന് കോട്ടയം കളക്ടറേറ്റ് മുഖേന 5000 രൂപയും 2019-ല്‍ ഇടുക്കി കളക്ടറേറ്റ് മുഖേന 10,000 രൂപയും ലഭിച്ചു. ഇതേ വ്യക്തിക്ക് 2020-ല്‍ കാന്‍സറിന് കോട്ടയം കളക്ടറേറ്റ് മുഖേന 10,000 രൂപയും നല്‍കിയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം ഒരേ എല്ലുരോഗ വിദഗ്ധന്‍ നല്‍കിയതാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് സമര്‍പ്പിച്ച 16 അപേക്ഷകളില്‍ തുക അനുവദിച്ചതായി കണ്ടെത്തി. കരള്‍ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദ്രോഗമാണെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ പോകുന്നു തട്ടിപ്പിന്റെ കണക്ക്.

തട്ടിപ്പ് റവന്യു മന്ത്രിയും അറിഞ്ഞു, നാണക്കേട് മറയ്ക്കാന്‍ കര്‍ശന നടപടി

25,000 രൂപവരെയുള്ള സഹായധനത്തിനായി റവന്യൂവകുപ്പിന് ലഭിച്ച അപേക്ഷകളില്‍ ഒരേ ഡോക്ടര്‍മാര്‍തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് റവന്യൂ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് മിന്നല്‍പരിശോധന തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യംചെയ്യുന്നത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിന് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

കടുത്ത നടപടി സ്വീകരിക്കും- മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം അനര്‍ഹര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കുമെതിരേ ദാക്ഷിണ്യമില്ലാതെ നടപടിയുണ്ടാവും. അനര്‍ഹര്‍ സഹായം നേടിയെടുക്കുന്നതായ ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്.- മുഖ്യമന്ത്രി പിണറായി വിജയന്‍.

തെറ്റായ ഒരു പ്രവണതയും അനുവദിക്കില്ലെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് വന്നശേഷം സഹായത്തിന്റെയോ നടപടിക്രമങ്ങളുടെയോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ആലോചിക്കും- റവന്യൂമന്ത്രി കെ. രാജന്‍ പറഞ്ഞു.

Content Highlights: CM's relief fund scam; Vigilance checks 5000 applications Officers, agents and doctors were involved

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sabu m jacob arikomban

1 min

തമിഴ്‌നാടിന് ആത്മബന്ധമില്ല, നടന്നതെല്ലാം പ്രഹസനം, അരിക്കൊമ്പന്റെ ജീവന്‍ അപകടത്തില്‍ - സാബു

May 30, 2023


CCTV

കത്തിനശിച്ചത് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ച്; തൊട്ടുമുമ്പുള്ള CCTV ദൃശ്യം പുറത്ത്‌

Jun 1, 2023


Bishop Franco Mulakkal

1 min

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവെച്ചു

Jun 1, 2023

Most Commented