മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡെക്സ് റിപ്പോർട്ട്- മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തില്‍. 2019-20 ലെ കുടുംബാരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും കേരളത്തിന്റെ നേട്ടം സംബന്ധിച്ച് നടത്തിയ അവകാശവാദം തെറ്റാണെന്നാണ് വ്യക്തമാകുന്നത്.
മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുള്‍പ്പെടെ അനവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ അവകാശപ്പെട്ടത്. എന്നാല്‍ കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് 2015-16 ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് നീതി ആയോഗ് പറയുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമായി അധികാരത്തിലേറുന്നത് 2016-ലാണ്. അതിന് മുമ്പുള്ള സര്‍വേ പ്രകാരം തയ്യാറാക്കിയ സൂചികയിലെ നേട്ടത്തില്‍ എല്‍ഡിഎഫ് അവകാശവാദം ഉന്നയിച്ചത് അടിസ്ഥാന രഹിതമാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കിയത്.
സൂചികയനുസരിച്ച് ദരിദ്രര്‍ കൂടുതല്‍ ബിഹാറിലാണ്. വലിയ അന്തരമാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍.
കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണ്, 10,000 ത്തില്‍ 71 പേര്. അതേസമയം, ബിഹാറില്‍ ജനസംഖ്യയുടെ 51.91 ശതമാനവും ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും യു.പി.യില്‍ 37.79 ശതമാനവും ദരിദ്രവിഭാഗത്തിലാണ്. കേരളം കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ കുറവ് ഗോവയിലാണ് -3.76 ശതമാനം. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 4.89 ശതമാനവും കര്‍ണാടകത്തില്‍ 13.16 ശതമാനവും ദരിദ്രരുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..