തിരുവനന്തപുരം: ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ആള്‍ക്കൂട്ടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലുയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി. ഗൗരിയമ്മയെ സ്വന്തം കുടുംബാംഗം പോലെ കാണുന്ന ധാരാളം പേരുണ്ടെന്നും അതുകൊണ്ടാണ് സംസ്‌കാര ചടങ്ങില്‍ 20 പേരില്‍ കൂടതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബത്തില്‍ ഒരാള്‍ മരണപ്പെട്ടാല്‍ എല്ലാവരും പങ്കെടുക്കണം എന്ന രീതിയിലാണ് സംസ്‌കാര ചടങ്ങില്‍ 20 പേര്‍ക്ക് പങ്കെടുക്കാം എന്ന രീതിയിലേക്ക് ചുരുക്കിയത്. എന്നാല്‍ ഗൗരിയമ്മയുടെ കാര്യത്തില്‍ അത് 20-ല്‍ നില്‍ക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് 300 ആക്കി ഉയര്‍ത്തിയത്. നാട്ടില്‍ ധാരാളം പേരാണ് ഗൗരിയമ്മയെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നത്. 

അവര്‍ക്ക് അവസാനമായി ആദരവര്‍പ്പിക്കാന്‍ വരിക എന്നുളളത് നമ്മുടെ നാടിന്റെ ദീര്‍ഘകാലത്തെ ഒരു സംസ്‌കാരത്തിന് അനുസരിച്ച് ചെയ്തുവരുന്നതാണ്.അതിന് തടസ്സം വരാതിരിക്കാനാണ് 300 പേര്‍ എന്ന് നിശ്ചയിച്ചത്. അത് കഴിയാവുന്നത്ര പാലിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആളുകള്‍ വികാരത്തിന് അനുസരിച്ച് തളളിക്കയറിയിട്ടുണ്ടാകും. അവിടെ ബലപ്രയോഗത്തിലൂടെ നിയന്ത്രിച്ചാല്‍ മാധ്യമങ്ങള്‍ തന്നെ അതിനെതിരേ പറയും. അതുകൊണ്ടാണ് പൊതുസാഹചര്യത്തിനനുസരിച്ചുളള നില സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൗരിയമ്മയുടെയും ആര്‍.ബാലകൃഷ്ണപ്പിളളയുടെയും സംസ്‌കാരചടങ്ങില്‍ നിരവധിപേര്‍ പങ്കെടുത്തതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്ക് ഒരു നീതിയും രാഷ്ട്രീയക്കാര്‍ക്ക് മറ്റൊരുനീതിയുമാണെന്നായിരുന്നു പ്രധാന വിമര്‍ശം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പൊതുസാഹചര്യത്തിനനുസരിച്ചുളള ഒരു നിലയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന വിശദീകരണം മുഖ്യമന്ത്രി നല്‍കിയത്. 

 

Content Highlights: CM responds to criticism on social media over crowd at Gowri amma's funeral