ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും (ഫയൽ ചിത്രം), ആർ.എസ് ശശികുമാർ
തിരുവനന്തപുരം: കുറ്റബോധം മറച്ചുവെയ്ക്കാനാണ് ലോകായുകത പത്രക്കുറിപ്പുമായി രംഗത്തുവന്നതെന്ന് മുഖ്യമന്ത്രിക്കെതിരായ ദുരിത്വാശാസനിധി കേസ് ഹര്‍ജിക്കാരന്‍ ആര്‍.എസ് ശശികുമാര്‍. ന്യായാധിപന്മാര്‍ പൊതു ജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല മറിച്ച് അവരുടെ വിധി ന്യായത്തിലൂടെയാവണമെന്നും ശശികുമാര്‍ വ്യക്തമാക്കി. തരംതാഴുന്നതിന് തങ്ങള്‍ക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് പത്രക്കുറിപ്പെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് സംബന്ധിച്ചും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും വിശദീകരണം നല്‍കികൊണ്ട് ലോകായുക്ത പത്രകുറിപ്പ് ഇറക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശികുമാര്‍
'മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് ലോകായുക്ത നല്‍കുന്ന വിശദീകരണം 'ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് ശ്രീ പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താര്‍ വിരുന്നിലല്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നല്‍കിയ ഔദ്യോഗിക ഇഫ്താര്‍ വിരുന്നിലാണ് ' എന്നാണ്. ഇതു തന്നെയാണ് എന്റെയും പരാതി. സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ കേസ് പരിഗണനയിലിരിക്കെ ആ കേസ്് പരിഗണിക്കുന്ന ന്യായാധിപന്മാര്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല എന്ന എന്റെ അഭിപ്രായം ശരിവക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്.
ഇത് മനസ്സിലാക്കാന്‍ ന്യായാധിപ ബുദ്ധിയൊന്നും വേണ്ട. എന്നെ പേപ്പട്ടി എന്ന് വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ പത്രക്കുറിപ്പിലെ വിശദീകരണം സാമാന്യ മര്യാദയ്ക്ക് ചേരുന്നതല്ല.
ആശയം വിശദമാക്കാന്‍ ഉദാഹരണം പറഞ്ഞാല്‍ പരാതിക്കാരനെ 'പേപ്പട്ടി എന്ന് വിളിച്ചു'എന്നു പറഞ്ഞ് ബഹളമുണ്ടാകുന്നത് നിയമ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ പതിനൊന്നാം തീയതി കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് എനിക്കെതിരെ ഇത്തരത്തില്‍ വിവാദപരാമര്‍ശം ഉണ്ടായത്. അന്നുതന്നെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇതിനെ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഈ വിഷയത്തില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനോ വ്യക്തത വരുത്താനോ ഉണ്ടായിരുന്നെങ്കില്‍ പന്ത്രണ്ടാം തീയതി കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ലോകായുക്തക്ക് അതാകാമായിരുന്നു. അതിനു തയ്യാറാകാതെ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതല്‍ ദുരൂഹമാണ്'.- ശശികുമാര്‍ വ്യക്തമാക്കി.
'ലോകായുക്തയുടെ മുന്നില്‍ പരാതിയുമായി വരുന്ന ഒരു ആവലാതിക്കാരന് നീതി നല്‍കുന്നതിനു പകരം അയാളെ പേപ്പട്ടി എന്ന് വിളിച്ചാല്‍ അതിനെതിരെ പൊതുസമൂഹത്തിന്റെ പ്രതികരണം സ്വാഭാവികമാണ്. ആ സാഹചര്യം ഒഴിവാക്കേണ്ടത് ഞാനായിരുന്നില്ല ലോകായുക്തയാണെന്നിരിക്കെ, മാധ്യമങ്ങളെയും എന്റെ സുഹൃത്തുക്കളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്തിന്റെ പേരിലാണ്? സുപ്രീം കോടതിയുടെ 1997 ലെ എത്തിക്‌സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം 'റിട്ടയര്‍ ചെയ്ത ന്യായാധിപരായ' തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറയുന്ന ലോകായുക്ത തങ്ങള്‍ 'ന്യായാധിപര്‍' ആയതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന് പറയുന്നതിലെ വൈരുദ്ധ്യം ആര്‍ക്കും ബോധ്യപ്പെടും. ഒരു ജുഡീഷ്യല്‍ ബോഡി, തങ്ങള്‍ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി പത്രക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തില്‍ കേട്ടുകഴിവില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ പത്രക്കുറിപ്പിലെ സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഇപ്പോള്‍ പ്രതിപാദിക്കുന്നില്ല. പക്ഷെ, വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ആ വിവരം പറയാന്‍ ഒരു വര്‍ഷത്തിലധികം എന്തിനെടുത്തു എന്നെങ്കിലും പത്രക്കുറിപ്പില്‍ വിശദീകരിക്കണമായിരുന്നു'.- ശശികുമാര്‍ പറയുന്നു.
മന്ത്രിസഭ തീരുമാനങ്ങള്‍ ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നത് സംബന്ധിച്ച് 2019 ജനുവരി 14ലെ വിധി നിലനില്‍ക്കെ, ലോകായുക്തയുടെ കുഴലൂത്ത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാവുകയാണെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: cm relief ffund case rs sasikumar against lokayuktha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..