Pinarayi Vijayan
തിരുവനന്തപുരം : കോവിഡ് കാലത്ത് മേരി അനിതയെയും ജിനിലിനെപ്പോലെയും ഉള്ളവർ നടത്തിയ കരുതലിന്റെ അനുഭവങ്ങൾ ധാരാളമുണ്ടായിരുന്നെന്നും എന്നാൽ കോട്ടയത്ത് ശവസംസ്കാരം തടയാൻ ആളുകൾ കൂടിയ സംഭവം നാടിന്റെ ശോഭ കെടുത്തുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകുന്നേരത്തെ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
"ഒരു ദുരിത കാലത്താണ് കൂടെയാരൊക്കെയുണ്ടെന്ന് നാം മനസ്സിലാക്കുന്നത്. സ്‌നേഹത്തിന്റെയും കരുതലിന്റെയും എത്രയെത്ര അനുഭവങ്ങള്‍ നാം കണ്ടു. ജാതിയും മതവും ഭാഷയും നമുക്ക് തടസ്സമായില്ല. കഴിഞ്ഞ ദിവസവും അത്തരമൊരു സംഭവം നാം കണ്ടു. കാസര്‍കോട് ജില്ലയിലെ പാണത്തൂിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയവേ പാമ്പുകടിയേറ്റ കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവം നാം കണ്ടു. പൊതുപ്രവര്‍ത്തകനായ ജിനില്‍ മറ്റൊന്നും നോക്കാതെ ആ കുട്ടിയുടെ ജീവനാണ് വലുതെന്ന് ഉറപ്പിച്ച നടത്തിയ ഇടപെടല്‍ മാതൃകാപരമായിരുന്നു. അച്ഛനും അമ്മയും ചികിത്സയിലായപ്പോള്‍ വിഷമിച്ചു പോയ കുഞ്ഞിനെ നോക്കാന്‍ തയ്യാറായ മേരി അനിതയെ പോലുള്ളവരുടെ ഇടപെടലുകളും നമ്മുടെ മുന്നിലുണ്ട്. ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ പിപിഇ കിറ്റ് ധരിച്ച് മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളും യുവജനസംഘടനാ പ്രവര്‍ത്തകരും ഉള്ള നാടാണ് നമ്മുടേത്. എന്നാൽ ഇന്നലെയുണ്ടായ കോട്ടയം സംഭവം ശോഭകെടുത്തുന്നതായിരുന്നു", മുഖ്യമന്ത്രി പറഞ്ഞു.
"കോവിഡ് കാരണം രോഗബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് തെറിക്കുന്ന സ്രവകണങ്ങളിലൂടെയാണ് രോഗം പകരുന്നത്. മൃതദേഹത്തില്‍ നിന്ന് രോഗബാധയുണ്ടാകാനുള്ള സാധ്യത വളരെകുറവാണ്. യഥാർഥത്തിലുള്ള പ്രശ്നം ആൾക്കൂട്ടമാണ്. ഇവിടെ നിന്ന് രോഗവ്യാപനം ഉണ്ടാകും. അതാണ് ശ്രദ്ധിക്കേണ്ടത്."
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുകയാണ് വേണ്ടത്. അല്ലാതെ ആരെങ്കിലുമുണ്ടാക്കുന്ന തെറ്റിദ്ധാരണ കൊണ്ട് മൃതദേഹത്തിന്റെ സംസ്കാരം തടയുകയല്ല വേണ്ടതെന്നും തെറ്റിദ്ധാരണ പരത്തുന്നതിൽ ജനപ്രതിനിധി ഉണ്ടായെന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: CM Pressmeet mentioned Marry Anitha and Jinil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..