തിരുവനന്തപുരം: മരണപ്പെടുന്ന വ്യക്തിയോട് അനാദരവ് കാണിക്കുന്നത് സംസ്‌കാരമുള്ള സമൂഹത്തിന് ചേര്‍ന്ന നടപടിയല്ലെന്ന് മുഖ്യമന്ത്രി. കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദിവസേനയുള്ള കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതിന് അനുസരിച്ച് മൃതദേഹം സംസ്‌കരിക്കുന്നത്‌ തടയാന്‍ കൂട്ടം കൂടുകയല്ല വേണ്ടത്. അങ്ങനെ കൂട്ടം കൂടുന്നതാണ് അപകടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ഇത്തരം പ്രവൃത്തികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ജനപ്രതിനിധി പോലും ഉണ്ടായി എന്നത് അപമാനകരമാണ്. ആ കേസില്‍ ശക്തമായി ഇടപെടാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 കോവിഡ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരുന്നത് രോഗമുള്ളയാള്‍ ചുമയ്ക്കുമ്പോഴൊ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ  പുറത്തേക്ക് തെറിക്കുന്ന ശരീര ശ്രവത്തിന്റെ കണങ്ങളിലൂടെയാണ്. മൃതദേഹത്തില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  മൃതദേഹത്തെ തൊടുമ്പോഴോ ചുംബിക്കുമ്പോഴൊ രോഗ ബാധയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് മൃതദേഹം കൈകാര്യം ചെയ്യുന്നത്.  വൈദ്യുതി ശ്മശാനങ്ങളില്‍ ദഹിപ്പിക്കുമ്പോള്‍  800 ഡിഗ്രി സെല്‍ഷ്യസ് വരെ വരുന്ന വളരെ ഉയര്‍ന്ന താപനിലയിലാണ് അതിനാല്‍ തന്നെ വൈറസുകള്‍ വായുവഴി പകരാന്‍ സാധ്യതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 

Content Highlight: COVID 19 - CM press meet