തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ടി. ജലീല്‍ തന്നെ അക്കാര്യങ്ങളില്‍ വേണ്ടത്ര വ്യക്തത കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം, 

കെ.ടി. ജലീല്‍ ഒരു തെറ്റും വരുത്തിയിട്ടില്ലെന്നും അക്കാര്യത്തില്‍ സമൂഹത്തിന് നല്ല വ്യക്തത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ പൊതുവായ അന്തരീക്ഷം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.  കെ.ടി. ജലീലിനോട് നേരത്തെ തന്നെ വിരോധമുള്ള ചിലരുണ്ട്. അദ്ദേഹവുമായി സാധാരണ ഗതിയില്‍ സമരസപ്പെട്ട് പോകാന്‍ വിഷമമുള്ളവരും കാണും.  ഇതൊക്കെ ഓരോരുത്തരുടെയും വീക്ഷണത്തിന്റെ ഭാഗമാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ അദ്ദേഹം സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും കാണാവുന്നതാണ്. നേരത്തെയുണ്ടായിരുന്ന പ്രസ്ഥാനത്തില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറായി. എന്നാല്‍ അതിനോടുള്ള പക ചിലര്‍ക്ക് ഒരുകാലത്തും വിട്ടുമാറുന്നില്ല. പ്രത്യേകിച്ച് അപ്പുറത്ത് നേതൃത്വം വഹിക്കുന്ന ചിലര്‍ക്ക്. അവര്‍ക്കൊപ്പം കൂടിയതാരൊക്കെയാണെന്നും അവരുടെ ഉദ്ദേശമെന്തൊക്കെയാണെന്നും വ്യക്തമാണ്. നമ്മുടെ നാടിന് ചേരാത്ത ഒരു രീതിയില്‍ കാര്യങ്ങള്‍ നീക്കി. ഇത് കേരളമാണെന്ന് ഓര്‍ക്കണം. ബിജെപിക്കും മുസ്ലീം ലീഗിനും ഒരേരീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്. 

ജലീല്‍ എന്തെങ്കിലും തെറ്റുചെയ്തതുകൊണ്ടല്ല, ഈ രണ്ടുകൂട്ടര്‍ക്കും അവരുടേതായ ഉദ്ദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആ ഉദ്ദേശങ്ങള്‍ വെച്ച് നാട് കുട്ടിച്ചോറാക്കാനാണ് ശ്രമം. അതൊക്കെ നാടിന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

ഇതൊന്നും രാഷ്ട്രീയ പ്രചാരണമല്ല, അപവാദമാണ്. അപവാദം പ്രചരിപ്പിച്ച് ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് അതിന്‌റെ ഭാഗമായി നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നോക്കുകയാണ്. ഇതിന് വേണ്ടിയാണ് ആളുകളെ വലിയതോതില്‍ ഇളക്കിവിടാന്‍ ശ്രമിക്കുന്നത്.

ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ വലിയ കാര്യമായി കാണേണ്ടതില്ല. അവര്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഏതെല്ലാം ചോദ്യം ചെയ്യലുകള്‍ മുമ്പ് കേരളത്തില്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരു മന്ത്രിയെന്ന നിലയില്‍ ഒരാളെ ചോദ്യം ചെയ്യുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. 

സാധാരണ ഗതിയില്‍ ആക്ഷേപം ഉയര്‍ന്നാല്‍ അതുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യും. ഖുറാന്‍ കൊണ്ടുവന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇക്കാര്യത്തില്‍ ജലീല്‍ ആരോടും ആവശ്യമുന്നയിച്ചിട്ടില്ല, അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. സാധാരണ ഗതിയില്‍ അത് പറഞ്ഞാല്‍ ആര്‍ക്കും ബോധ്യമാകുന്നതേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജിവെക്കാനും മാത്രം കെ.ടി. ജലീല്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുന്നതിനുള്ള കരുതിക്കൂട്ടിയുള്ള മുദ്രാവാക്യമാണത്. അതില്‍ നിന്ന് പ്രതിഷേധക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: CM press Conference KT Jaleel