തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ പ്രസദ്ധീകരിച്ചിട്ടില്ല. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആരാധനാ കേന്ദ്രങ്ങള്‍ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആള്കൂട്ടങ്ങള് ഉണ്ടാകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നത് സംബന്ധിച്ച് അഭിപ്രായം ആരായാനാണ് വിവിധ മതവിഭാഗങ്ങളുമായും മത സംഘടനകളുമായും മതനേതാക്കളുമായും വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ചര്‍ച്ച നടത്തിയത്.
ആരാധനാലയങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍കൂട്ടമുണ്ടാകുമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും അനുകൂലമായി പ്രതികരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളുമായി വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാമെന്നാണ് പങ്കെടുത്ത എല്ലാ മതനേതാക്കളും അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ വരുന്നവരില്‍ സാധാരണഗതിയില്‍ നിരവധി മുതിര്‍ന്ന പൗരന്മാരും മറ്റ് രോഗങ്ങള്‍ ഉള്ളവരും ഉണ്ടാകും. റിവേഴ്സ് ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചിരിക്കുന്ന ഇവര്‍ ആരാധനാലയങ്ങളില്‍ എത്തുന്നത് അപകടമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അവരെ കോവിഡ് രോഗം പെട്ടെന്ന് പിടിപെടാന്‍ ഇടയുണ്ട്. മാത്രമല്ല രോഗം പിടിപ്പെട്ടാല്‍ ഇവരെ സുഖപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. പ്രായമേറിയവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും കോവിഡ് മരണനിരക്ക് കൂടുതലാണെന്നത് ഗൗരവത്തോടെ കാണണം. അതിനാല്‍ ഈ വിഭാഗം ആളുകള്‍ക്ക് ആരാധനാലയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് മതമേധാവികള്‍ പൊതുവേ യോജിപ്പാണ് അറിയിച്ചത്.
നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വന്നാല്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങള്‍ വഴി രോഗപ്പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഒട്ടേറെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ മതനേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം വന്നതിന് ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സര്‍ക്കാരിനോട് ചോദിക്കുന്ന തരത്തില്‍ ചില പ്രസ്താവനകള്‍ ശ്രദ്ധയില്‍പെട്ടു. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രസ്താവനകളാണ് അവയെന്ന് കരുതുന്നില്ല. ആരാധനാലയങ്ങള്‍ രാജ്യവ്യാപകമായി അടച്ചിടാന്‍ കേന്ദ്രസര്‍ക്കാരാണ് നിര്‍ദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആരാധനാലയങ്ങള്‍ മാത്രമല്ല വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്രം അറിയിച്ചതിനാലാണ് മതമേധാവികളുമായി ഇന്ന് ചര്‍ച്ച നടത്തിയത്. ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നുവെന്ന് സര്‍ക്കാര്‍ മനസിലാക്കുന്നു. ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് എല്ലാ മതവിഭാഗങ്ങളും പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വലിയ അഭിപ്രായ ഐക്യമാണ് സര്‍ക്കാരും മത പണ്ഡിതന്മാരും തമ്മിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നല്ല ഒത്തൊരുമയോടെ നിയന്ത്രണങ്ങള്‍ സ്വീകരിച്ചുകൊണ്ട് ലോക്ക്ഡൗണ്‍ സമയത്ത് പ്രവര്‍ത്തിച്ചു. അതിന് ബന്ധപ്പെട്ടവരോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. തുടര്‍ന്നും ഈ സഹകരണം ഉണ്ടാകണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ആരാധനാലയങ്ങള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചപ്പോഴും തുടര്‍ന്നും ഓരോ ഘട്ടങ്ങളിലും വിവിധ മതവിഭാഗങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CM Press Conference Covid 19 Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..