മലപ്പുറം: ശബരിമല കൈയടക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് ബി.ജെ.പിയുടെ സര്‍ക്കുലര്‍ പുറത്തുവന്നിരിക്കുന്നത്. ഓരോദിവസവും സന്നിധാനത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ എത്തിക്കണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതു കുറച്ചു പണിയാണെന്നുള്ള കാര്യം ഓര്‍ക്കണമെന്ന് പിണറായി പരിഹസിച്ചു. സി.പി.എം. രാഷ്ട്രീയ വിശദീകരണ പൊതുയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ ശബരിമലയില്‍ കണ്ടത്.

ഒരുപാര്‍ട്ടിയുടെ സ്വഭാവം നേതൃത്വത്തെ അംഗീകരിക്കലാണ്. രാഹുല്‍ഗാന്ധിയെ തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അമിത്ഷായ്ക്ക് പിന്നാലെ പോകുകയാണ്. ശബരിമല വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ നിലപാട് വ്യക്തിപരവും അമിത്ഷായുടെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ് നിലപാടും ആകുന്നത് തീര്‍ത്തും പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയായ തന്നെ ചവിട്ടി കടലിലിടാന്‍ എ.എന്‍. രാധാകൃഷ്ണന്റെ കാലിന് നിലവിലുള്ള ബലം മതിയാവില്ലെന്നുപറഞ്ഞ മുഖ്യമന്ത്രി ഒരുപാട് ചവിട്ടുകൊണ്ടിട്ടുള്ള ശരീരമാണ് ഇതെന്നും ഓര്‍മിപ്പിച്ചു.

പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ ലീഗും യൂത്ത്ലീഗും തട്ടിയപ്പോള്‍ അതു കണ്ടുപിടിച്ചതാണ് താന്‍ചെയ്ത തെറ്റന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

ടി.കെ. ഹംസ അധ്യക്ഷനായി. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍, മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പി.വി. അന്‍വര്‍ എം.എല്‍.എ, ജില്ലാസെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, പി.പി. വാസുദേവന്‍, വി.പി. അനില്‍, പി.കെ. സൈനബ തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: cm pinaryi vijayan agianst a.n radhakrishnan, bjp, cpim