തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും തുടര്‍ന്നിട്ടും രോഗവ്യാപനം കുറയാത്ത സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം തേടി സംസ്ഥാന സര്‍ക്കാര്‍. അടച്ചിടുന്നതിന് പകരം മറ്റ് മാര്‍ഗങ്ങള്‍  തേടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ടി.പി.ആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്ന് വെള്ളിയാഴ്ചത്തെ അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

ശാസ്ത്രീയമായ മറ്റ് മാര്‍ഗങ്ങള്‍ ആലോചിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. വിവിധ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ പരിഹാരമാര്‍ഗം നിര്‍ദേശിക്കാനും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. ഒന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നടപ്പിലാക്കിയ മൈക്രോ കണ്ടൈന്‍മെന്റ് രീതി പ്രാബല്യത്തില്‍ കൊണ്ടുവരാനും പ്രാദേശിക തലത്തില്‍ നിയന്ത്രണം ശക്തമാക്കി രോഗവ്യാപനം പിടിച്ചുനിര്‍ത്താനുമാണ് ആലോചന. 

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും രോഗവ്യാപനം നിയന്ത്രണത്തിലായിട്ടും കേരളത്തില്‍ വ്യാപന തോത് കുറഞ്ഞിട്ടില്ല. ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 50 ശതമാനത്തോളം കേരളത്തിലാണെന്ന് കേന്ദ്രവും ചൂണ്ടിക്കാണിച്ചിരുന്നു. അശാസ്ത്രീയമായ ലോക്ഡൗണ്‍ ഇളവുകളാണ് രോഗവ്യാപനത്തിന് കാരണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രണത്തിലാക്കാന്‍ പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നത് പരിഗണിച്ച് സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്‌സിന്‍ ആവശ്യപ്പെടാനും കേരളം ഒരുങ്ങുകയാണ്. ആഴ്ചയില്‍ 25 ലക്ഷം എന്ന കണക്കില്‍ സംസ്ഥാനത്ത് ഒരു മാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് കേരളത്തിന് കഴിയുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM Pinarayi wants to take quick decision in Lock down continuing in Kerala