തിരുവനന്തപുരം: മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് കേരള സർക്കാരിനെതിരേ പ്രക്ഷോഭം നയിക്കുന്നവർ യാഥാർഥ്യം ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം നീക്കിവെയ്ക്കുകയാണ് ചെയ്തതെന്നും ഇത് ആരുടെയും സംവരണ ആനുകൂല്യം ഇല്ലാതാക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള സംവരണം അതുപോലെ തുടരണമെന്നും അതോടൊപ്പം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തണമെന്നുമാണ് എൽ.ഡി.എഫ്. പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്. ഇത് നടപ്പിലാക്കാൻ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്. അതിനായി പാർലമെന്റിൽ ഭരണഘടന ഭേദഗതി കൊണ്ടുവന്നു. ഇന്ത്യയിലെ കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഈ ബില്ലിനെ പിന്തുണച്ചു. 326 അംഗങ്ങളിൽ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമമാണിത്. ആ നിയമമാണ് ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നത്. ഇതിന്റെ പേരിൽ കേരളത്തിലെ സർക്കാരിനെതിരേ പ്രക്ഷോഭം നയിക്കുന്നവർ ഈ യാഥാർഥ്യം ഉൾക്കൊള്ളണം- മുഖ്യമന്ത്രി പറഞ്ഞു.
ഒരു വിഭാഗത്തിന്റെയും നിലവിലുള്ള സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൊതുമത്സര വിഭാഗത്തിൽനിന്ന് പത്ത് ശതമാനം നീക്കിവെക്കുകയാണ് ചെയ്തത്. നിലവിലുള്ള സംവരണവിഭാഗങ്ങൾക്ക് അതേ ആനുകൂല്യം തുടരുന്നുണ്ട്. ആരുടെയും സംവരണ ആനുകൂല്യം ഇല്ലാതാക്കില്ല. പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് സംവരണം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വത്തിൽ ഭരണഘടന ഭേദഗതി ഇല്ലാതെ സംവരണം നടപ്പിലാക്കാൻ കഴിയുമെന്നും അതിനാലാണ് ഭേദഗതി വരുന്നതിന് മുമ്പ് ദേവസ്വം ബോർഡിൽ സംവരണം നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:cm pinarayi vijayans response about forward caste reservation controversy