പിണറായി വിജയൻ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
തിരുവനന്തപുരം: എങ്ങനെയും പണമുണ്ടാക്കമെന്ന ചിന്തയാണ് ചില സഖാക്കള്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ ഭാഗമാണ് തിരുവനന്തപുരത്തെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. പുതിയ സഖാക്കളിലും ഈ പ്രവണത കാണുന്നുണ്ടെന്നും അതുവെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തിരുവനന്തപുരം ജില്ലാ നേതൃത്വവുമായി ഉയര്‍ന്ന ഏറ്റവും പ്രധാനപ്പെട്ട വിവാദമായിരുന്നു എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. ഇതിനുപിന്നില്‍ പാര്‍ട്ടിയിലെ ചില യുവനേതാക്കളാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം.
ചില സഖാക്കള്‍ക്ക് എങ്ങനേയും പണമുണ്ടാക്കണമെന്ന ധാരണയാണ്. എസ്.സി-എസ്.ടി ഫണ്ട് എന്നൊക്കെ പറഞ്ഞാല്‍ അത് പാവങ്ങളുടെ പണമാണ്. ആ പണം തട്ടിച്ചെടുക്കാമെന്ന് കരുതുന്നത് ഈ ധാരണയുടെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു.
അനുപമ ദത്ത് വിവാദത്തിലും നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നഗരത്തിലെ പരിപാടികളില്‍ പാര്‍ട്ടി ഘടകങ്ങള്‍ വഴി ജനപങ്കാളിത്തം ഉണ്ടാകുന്നില്ലെന്നും ഇതില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ അടക്കം ബിജെപിയുടെ വളര്‍ച്ച തടയാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാനുള്ള നിര്‍ദേശം ജില്ലാ നേതൃത്വം നടപ്പാക്കിയില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നഗരസഭയില്‍ ഇത്തവണ ഭരണം നേടാന്‍ സാധിച്ചു. എന്നാല്‍ പലയിടത്തും നേരിയ ഭൂരിപക്ഷത്തിന് മാത്രമുള്ള വിജയമാണ്. ഇത് താത്കാലികം മാത്രമാണെന്ന് ഓര്‍ക്കണമെന്നും ബിജെപി വളര്‍ച്ച തടഞ്ഞുവെന്ന നിലയില്‍ ഊറ്റംകൊള്ളേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടാക്കാണിച്ചു.
Content Highlights: CM Pinarayi Vijayan warns corruption in party
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..