പിണറായി വിജയൻ, രാഹുൽ ഗാന്ധി | ഫോട്ടോ: മാതൃഭൂമി, ANI
തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണങ്ങളുടെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ചചെയ്യുന്ന ഫാസിസ്റ്റ് രീതിയാണിതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അപകീര്‍ത്തി പ്രസംഗത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ വെള്ളിയാഴ്ച എം.പി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
വിമര്‍ശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ നോക്കിക്കാണണം. വിഷയത്തില്‍ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവം. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും.
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്?
ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല.
വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണം.
Content Highlights: cm pinarayi vijayan supports rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..