തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇഡി അന്വേഷിക്കണമെന്നുമുള്ള കെടി ജലീലിന്റെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ്‌ തോന്നുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി വിശദീകരിച്ചു. 

എആര്‍ നഗര്‍ ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. എന്നാല്‍ കോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കാതിരുന്നത്. അന്വേഷണത്തിന് യാതൊരു വിധത്തിലും തടസവുമുണ്ടാകില്ലെന്നും കുറ്റം കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കുഞ്ഞാലിക്കുട്ടിക്കും മകനും എആര്‍ നഗര്‍ ബാങ്കിലുള്ള കള്ളപ്പണ നിക്ഷേപം സംബന്ധിച്ച തെളിവുകള്‍ ജലീല്‍ കഴിഞ്ഞ ദിവസമാണ് ഇഡിക്ക് കൈമാറിയിരുന്നത്.

content highlights: cm pinarayi vijayan statement in ar nagar bank black money allegation