തിരുവനന്തപുരം: തെറ്റു ചെയ്തവരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാരിന് യാതൊരു മുന്‍വിധികളുമുണ്ടായിട്ടില്ല. അന്വേഷണം നടത്തുന്ന കേന്ദ്രഏജന്‍സികള്‍ക്കുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്നാണ് ജൂലൈ 8ന് പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ അന്വേഷണ ഏജന്‍സികളെപ്പറ്റി ഒരു മുന്‍വിധിയും സര്‍ക്കാരിനുണ്ടായിരുന്നില്ല. അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്നും കേന്ദ്രത്തിനെ അറിയിച്ചു. എന്നാല്‍ മുന്നോട്ടുനീങ്ങിയ അന്വേഷണത്തിന്റെ ലക്ഷ്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ വലിയ കൂടിയാലോചന വേണ്ടിവന്നില്ല.'
'സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ പ്രതികൾ രക്ഷപ്പെടാന്‍ ശ്രമിച്ചാലും കുഴപ്പമില്ല, സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെ എങ്ങനെ കരിനിഴലില്‍ നിര്‍ത്താമെന്നാണ് ഇന്നത്തെ അന്വേഷണ രീതി. രഹസ്യമൊഴിയായി മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയെന്നു പറയുന്ന കാര്യങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെ മൊഴിയെടുക്കുമെന്നും ഈ നേതാക്കള്‍ തന്നെയാണ് പ്രഖ്യാപിക്കുന്നത്.'
നാലരവര്‍ഷമായി അഴിമതിയുടെ കറുത്ത പാട് പോലും ആരോപിക്കാന്‍ കഴിയാത്തവര്‍ വ്യാജ ആരോപണങ്ങളുടെ ആരവുമായി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രംഗത്തുവരികയാണ്. ഈ ആരോപണങ്ങളുടെ ഘോഷയാത്രയ്ക്ക് മുന്‍പേ നടക്കുന്നവരായി കേന്ദ്രഏജന്‍സികളുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാറുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.