കണ്ണൂര്‍: കേന്ദ്രഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി. അന്വേഷണ ഏജന്‍സികള്‍ അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങള്‍ വിശദമാക്കി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ അന്വേഷണത്തിന്റെ ഭാഗമായി പീഡിപ്പിക്കുന്ന നിലപാടാണ് ഏജന്‍സികള്‍ സ്വീകരിച്ചിരിക്കുന്നത്.കേരളത്തില്‍ മേയാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയില്ല. അത് സംസ്ഥാനത്തിന്റെ പ്രത്യേക രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നാല്‍ നേതാക്കള്‍ക്കെതിരെയുള്ള കേസിലെ അന്വേഷണങ്ങള്‍ നിലയ്ക്കും. ബിജെപിയോട് അടുത്ത നേതാക്കളുടെ കേസുകള്‍ ആവിയായിപ്പോയതായും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രം ഭരിക്കുന്നവർക്ക് സഹായം നല്‍കുന്ന ചുമതലയല്ല അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. അന്വേഷണത്തിലിരിക്കുന്ന കാര്യത്തിന്റെ വസ്തുത തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കലാണ് അവരുടെ ചുമതല. എന്നാല്‍ ഇന്ന് കാണുന്നത് കേന്ദ്രവും യുഡിഎഫും ഒരേ വഴിയിലാണ് സഞ്ചരിക്കുന്നത് എന്നാണ്. കോണ്‍ഗ്രസിനെ വിലയ്ക്ക് വാങ്ങുന്ന തന്ത്രമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan slams central investigation agencies