തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താന്‍ ചിലര്‍ കള്ളക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതി ലഭിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരാകും. അതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യംചെയ്ത സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് തനിക്കെതിരെയും ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

ചോദ്യംചെയ്തതിന്റെ പേരില്‍ ജലീല്‍ രാജിവെക്കേണ്ട ആവശ്യമില്ല. ജലീലിനെതിരെ ഒരു ആരോപണവും ഉയര്‍ന്നിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു കുറ്റവും ചുമത്തിയിട്ടില്ല. കെട്ടിച്ചമച്ച കഥയുടെ പേരില്‍ രാജി ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇ. പി ജയരാജന്റെ കുടുംബത്തിനെതിരായ ആക്ഷേപത്തെയും മുഖ്യമന്ത്രി പൂര്‍ണമായി തള്ളിക്കളഞ്ഞു. ഇ.പി ജയരാജന്റെ ഭാര്യ ലോക്കറില്‍നിന്ന് എടുത്തതില്‍ ഒരു പവന്‍ സ്വര്‍ണം തൂക്കിനോക്കിയെന്നാണ് പറയുന്നത്. ഇവരുടെ മകന്‍ സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട ചിത്രത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് ബാങ്കിലെത്തിയതെന്നും ലോക്കര്‍ തുറന്നതെന്നുമാണ് ആരോപണം. അന്വേഷണ ഏജന്‍സികളെ ദുര്‍ബോധനപ്പെടുത്താനും സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്. അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജ പരാതികള്‍ നല്‍കുന്നത് മുന്‍പും പതിവുള്ള കാര്യമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് തനിക്കെതിരെ ഉന്നയിച്ച വ്യാജ പരാതിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. 

'പരാതികള്‍ ലഭിക്കുമ്പോള്‍ അന്വേഷിക്കാന്‍ ഏത് അന്വേഷണ ഏജന്‍സിയും സ്വാഭാവികമായും നിര്‍ബന്ധിതമാകും. മറ്റാരുടെയും അനുഭവമല്ല, എന്റെ അനുഭവം പറയാം. എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കെട്ടിച്ചമച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ. അക്കാലത്ത് 1996ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നു. ഞാനായിരിക്കും വൈദ്യുതമന്ത്രിയാകുന്നതെന്ന് കണക്കാക്കുകയും എന്നെ സ്വാധീനിക്കാന്‍ വേണ്ടി രണ്ടുകോടി എന്റെ കൈയ്യില്‍ കൊണ്ടുവന്നു തന്നു എന്നുമായിരുന്നു പരാതി. 

സിബിഐക്കാണ് പരാതി നല്‍കിയത്. സ്വാഭാവികമായും അവര്‍ അന്വേഷിക്കാന്‍ വിളിക്കുമല്ലോ. പരാതി കളവാണെന്ന് ഞങ്ങള്‍ക്കറിയാമെന്നും എന്താണ് കാര്യമെന്നറിയാന്‍ വിളിപ്പിച്ചെന്നു മാത്രമേയുള്ളൂ എന്നുമാണ് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്. അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ധാരാളം ശ്രമങ്ങള്‍ പല കേന്ദ്രങ്ങളിലും നടക്കും. അവര്‍ എല്ലാ കാലത്തും അത് ചെയ്തുകൊണ്ടിരിക്കും. അതൊക്കെ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്', മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: CM pinarayi vijayan's response to allegations against  k t Jaleel