തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെച്ചൊല്ലി വിവാദങ്ങള്‍ തുടരുമ്പോള്‍ അത് നിരീക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിസംവിധാനം എവിടെപ്പോയി എന്ന വിവാദത്തിനും ചൂടേറുന്നു.

പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായിരുന്നപ്പോള്‍ വി.എസ്. സര്‍ക്കാരിന്റെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പലതലങ്ങളില്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനത്തിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ശക്തമായിരുന്നു. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മന്ത്രിമാര്‍കൂടി ഉള്‍പ്പെട്ട അഞ്ചംഗസമിതിയായിരുന്നു പ്രധാന സംവിധാനം. വെള്ളിയാഴ്ചകളില്‍ നടക്കാറുള്ള സെക്രട്ടേറിയറ്റ് യോഗവും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി. ഇതിനുപുറമേയും നിരീക്ഷണസംവിധാനങ്ങള്‍ ഉണ്ടായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍, എ.കെ. ബാലന്‍ എന്നിവരൊക്കെ ഇതിനായി നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി മുഖ്യമന്ത്രിയായി വന്നപ്പോള്‍ അത്തരം സംവിധാനങ്ങള്‍ ഇല്ലാതാവുകയോ ദുര്‍ബലമാവുകയോ ചെയ്തു എന്നാണ് വിലയിരുത്തല്‍.

ബിരുദധാരികളും 60 വയസ്സ് കവിയാത്തവരും മതി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ എന്നത് പാര്‍ട്ടിനേതൃത്വംതന്നെ സ്വീകരിച്ച മാനദണ്ഡമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ കാര്യത്തില്‍ അത് ബാധകമായില്ല. രവീന്ദ്രന്റെ കാര്യം മുഖ്യമന്ത്രി തന്നെയാണ് അവതരിപ്പിച്ചതും. പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായ താരതമ്യേന ഇളംമുറക്കാരനായ സംസ്ഥാനകമ്മിറ്റി അംഗത്തിന് ജനകീയ വിഷയങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും വേണ്ടവിധം പ്രവര്‍ത്തിക്കാനായില്ലെന്നും കരുതുന്നവരുണ്ട്

ഭരണത്തിന്റെ രണ്ടാംവര്‍ഷം എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതോടെ രാഷ്ട്രീയക്കാര്‍ക്കും എം.എല്‍.എ.മാര്‍ക്കുമെല്ലാം കാര്യങ്ങള്‍ ചോദിക്കാനും അറിയാനുമുള്ള സംവിധാനമായി. രാഷ്ട്രീയനിരീക്ഷണം എന്നതിനെക്കാള്‍ എല്ലാവരുമായുള്ള ബന്ധം മികച്ചതാക്കിമാറ്റാന്‍ ജയരാജന് കഴിഞ്ഞു. അദ്ദേഹം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയതോടെ ഓഫീസിന്റെ നിയന്ത്രണം വീണ്ടും ശിവശങ്കറിന്റെയും സി.എം. രവീന്ദ്രന്റെയും കൈകളിലേക്കെത്തി.