വികസനത്തിനുള്ള ഉപാധിയാണ് കിഫ്ബി; അതിനെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല - മുഖ്യമന്ത്രി


ആരെതിര്‍ത്താലും കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാനും പോവുന്നില്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തിലേയും പദ്ധതികള്‍ ഉപേക്ഷിക്കില്ല. കാരണം അതെല്ലാം നാടിന് വേണ്ടിയുള്ള പദ്ധതികളാണ്.

തിരുവനന്തപുരം: കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ നാടിനെ തകര്‍ക്കുന്നതിന് തുല്യമാണ്. നാടിന്റെ വികസനത്തിന് വേണ്ടിയുള്ള ബദല്‍ മാര്‍ഗമാണ് കിഫ്ബി, ആരു വിചാരിച്ചാലും സര്‍ക്കാര്‍ കിഫ്ബി പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിഎജി ഓഡിറ്റിന് വിധേയമായിട്ടുള്ള സംവിധാനം തന്നെയാണ് കിഫ്ബി എന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടിലുണ്ടാവാറില്ല. അങ്ങനെ ഉണ്ടായത് കേരളത്തിലെ വികസപ്രവര്‍ത്തനങ്ങളേയും അതിന് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനേയും അട്ടിമറിക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കത്തിന് പിന്നാലെ സിഎജിയും വന്നിരിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഇതിനൊന്നും വഴങ്ങുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.

കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ല എന്നുള്ളത് വ്യാജപ്രചാരണമാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് നാല് തവണ സിഎജി ഓഡിറ്റിങ് നടന്നിട്ടുണ്ട്. ഇത് വ്യക്തമായപ്പോള്‍ പുതിയ വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്. കിഫ്ബിയുടെ വാര്‍ഷിക ചിലവ് ഇനിയും ഉയരുമ്പോള്‍ ഓഡിറ്റില്‍ നിന്ന് പുറത്തുപോവുമെന്നാണ് ചിലരുടെ വാദം. ഇതിനും പരിഹാരമുണ്ട്. ഒരിക്കല്‍ തുടങ്ങിയാല്‍ ശതമാനക്കണക്കില്‍ താഴ്ന്നാലും രണ്ട് വര്‍ഷം വരെ ഓഡിറ്റ് തുടരാം, രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഓഡിറ്റ് തുടരണമെന്ന് സര്‍ക്കാരിന് ആവശ്യപ്പെടാം. ഇത്തരത്തില്‍ മുന്‍കൂര്‍ അനുവാദം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നേരത്തെ തന്നെ കത്ത് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഓഡിറ്റിന് തടസമില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്ഥാപിതമായ ഒന്നല്ല കിഫ്ബി. 1999ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കിഫ്ബി സ്ഥാപിതമായത്. 1999 മുതല്‍ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ആദ്യത്തേത് എല്‍ഡിഎഫിന്റേയും പിന്നീടുള്ള രണ്ട് തവണ യുഡിഎഫ് സര്‍ക്കാരുകളുടേയും കാലത്താണ്. 1999ലാണ് ആദ്യമായി കിഫ്ബി കടമെടുക്കുന്നത്. അന്ന് 13.25 പലിശയില്‍ 507 കോടി 6 ലക്ഷം രൂപയാണ് എടുത്തത്. തുടര്‍ന്ന് 2002ല്‍ 10.5 ശതമാനം പലിശയ്ക്കും 10 കോടി 74 കോടി ലക്ഷവും 11 ശതമാനം പലിശയ്ക്ക് 505 കോടി 91 ലക്ഷം രൂപയും വായ്പ എടുത്തു. വ്യവസ്ഥ പ്രകാരം കടമെടുത്ത പണം സംസ്ഥാന ട്രഷറിയിലിടണമായിരുന്നു. എന്നാല്‍ അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കായി വകമാറ്റി ചെലവഴിച്ചു. അതുകൊണ്ട് കിഫ്ബി വഴി നടപ്പാക്കാനുദ്ദേശിച്ച പദ്ധതികളൊന്നും നടന്നില്ല.

ആദ്യവര്‍ഷം പ്രവര്‍ത്തനത്തിന് ശേഷം കിഫ്ബി ഏറെക്കുറേ നിര്‍ജീവമായിരുന്നു. 2014-15ലാണ് പിന്നീട് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് ബജറ്റില്‍ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ കിഫ്ബി വഴി ബദല്‍ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആരായുന്നത്. അങ്ങനെയാണ് കിഫ്ബിയെ നോഡല്‍ ഏജന്‍സിയായി നിയോഗിക്കുന്നത്. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിന് മുന്‍പേ ഭരണം മാറി. 2016ല്‍ നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തി. കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലമുള്ള പോരായ്മ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. കിഫ്ബിയെ പുനസഃഘടിപ്പിക്കാനും കാലാനുസൃതമാക്കാനും സമഗ്രമായ മാറ്റങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചു. ഇതാണ് കിഫ്ബി ഭേദഗതി നിയമത്തിന് വഴിതെളിയിച്ചത്.

സെബി, ആര്‍ബിഐ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളുടെ ചട്ടങ്ങള്‍ക്കനുസരിച്ച് ആധുനിക വിപണിയിലെ സാധ്യതകള്‍ ഉഫയോഗപ്പെടുത്താനുള്ള പരിഷ്‌കാരങ്ങള്‍ കിഫ്ബി ഭേദഗതി ആക്ടില്‍ കൊണ്ടുവന്നു. അതിപ്രഗത്ഭമായ ബോര്‍ഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. അതീവ പാടവമുള്ള സ്വതന്ത്ര അംഗങ്ങളടങ്ങിയതാണ് കിഫ്ബി ബോര്‍ഡ്. സ്വതന്ത്ര അംഗങ്ങളും സര്‍ക്കാര്‍ പ്രപതിനിധികളും തുല്യ അനുപാതത്തില്‍ ഉള്‍പ്പെട്ടതാണ് ബോര്‍ഡ്. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും ധനകാര്യമന്ത്രി വൈസ് ചെയര്‍ പേഴ്‌സണുമായ ബോര്‍ഡില്‍ പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി,നിയമസെക്രട്ടറി എന്നിവരുള്‍പ്പെടുന്നു. ഇത്തരത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനമാണ് കിഫ്ബിക്കുള്ളത്.

കിഫ്ബി സമാഹരിച്ച പണം വകമാറി സര്‍ക്കാരിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചതാണ് കിഫ്ബിയുടെ യഥാര്‍ഥ ഉദ്ദേശങ്ങളെ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നത്. കിഫ്ബി ഭേദഗതിയുടെ ഇത് മാറ്റി. സമാഹരിക്കപ്പെട്ട ധനം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാറ്റി സുരക്ഷിതമായ നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുള്ള വ്യവസ്ഥകള്‍ കൊണ്ടുവന്നു. തിരിച്ചടവ് ഉറപ്പുവരുത്താനും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി മോട്ടോര്‍ വെഹിക്കള്‍ ടാക്‌സിന്റെ 50 ശതമാനം പെട്രോളിയം സെസ്സും കിഫ്ബിക്ക് അുവദിച്ചു. ഇതാണ് കിഫ്ബിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇത്തരത്തിലുള്ള സമഗ്രമാ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആക്ട് ഐകകണ്‌ഠേനെയാണ് നിയമസഭ പാസാക്കിയത്.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ എര്‍പ്പെടുത്തിയ നിരീക്ഷണ സംവിധാനമാണ് ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മീഷന്‍.(ftac) ഇത് കിഫ്ബി ഭേദഗതി നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതാണ്. മുന്‍ സിആന്റ്എജിയാണ് നിലവിലെ എഫ്ടാക് ചെയര്‍മാന്‍.

ഓരോ ആറ് മാസം കൂടുമ്പോഴും വിശ്വാസ്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് എഫ്ടാകിന്റെ ചുമതല. നിക്ഷേപകര്‍, സര്‍ക്കാര്‍, പൊതുജനങ്ങള്‍ എന്നീ മൂന്നു വിഭാഗങ്ങളുടേയും താല്‍പര്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് എഫ്ടാക് ഉറപ്പാക്കും. കിഫ്ബിയില്‍ വരുന്ന ഓരോ പ്രോജക്ടും ബജറ്റിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുന്നവയാണ്. അതാത് ഭരണവകുപ്പുകളുടെ അനുമതിയുള്ളവയുമാണ്. ബജറ്റില്‍ പ്രഖ്യാപിക്കാത്ത പദ്ധതികള്‍ മന്ത്രിസഭയുടെ അംഗീകരത്തോടെയാണ് പരിഗണനയ്ക്ക് വരുന്നത്. ഇങ്ങനെയല്ലാതെ ഒരു പദ്ധതിക്കും കിഫ്ബി അംഗീകാരം നല്‍കിയിട്ടില്ല. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് പദ്ധതികള്‍ അനുവദിക്കുന്നത്. കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കിഫ്ബിപയുടെ സ്പപര്‍ശമുണ്ട്. 2020 വരെയുള്ള കാലയളവിലെ സമ്പൂര്‍ണ ഓഡിറ്റ് സിആന്റ്എജി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 8 മാസത്തോളം നീണ്ടുനിന്ന എല്ലാ സൗകര്യങ്ങളും കിഫ്ബി സിആന്റ്എജിക്ക് ചെയ്തുകൊടുത്തിട്ടുണ്ട്. ലോക്ക്ഡൗണില്‍ പോലും ഓഡിറ്റ് സുഗമമായി നടന്നു. ഓഡിറ്റിനെ തുടര്‍ന്ന് എക്‌സിറ്റ് മീറ്റിന് ശേഷവും കിഫ്ബിയുടെ ഫയലുകള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ അനുമതി നല്‍കി.

എന്താണ് കിഫ്ബി നാട്ടില്‍ ചെയ്തത്

60,102.51 കോടി രൂപയുടെ 821 പദ്ധതികള്‍ക്കാണ് ഇതുവരെ കിഫ്ബി അംഗീകാരം നല്‍കിയത്. ഇതില്‍ 20,000 കോടിയുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ഉള്‍പ്പെടുന്നു. 16191.54 കോടി രൂപയുടെ 433 പദ്ധതികള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാത്തി നിര്‍മാണത്തിലേക്ക് കടന്നിരിക്കുന്നു. 388 പദ്ധതികളുടെ ടെണ്ടറിങ് പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇഴഞ്ഞുനീങ്ങുകയായിരുന്ന ദേശീയ പാതാ പദ്ധതി കിഫ്ബിയുടെ സഹായത്തോടെ യാഥാര്‍ഥ്യമാവുകയാണ്. പദ്ധതിയുടെ സംസ്ഥാന വിഹിതമായ 5374 കോടി രൂപ കിഫ്ബി വഴി അനുവദിച്ചുകഴിഞ്ഞു. 3500 കോടിയുടെ മലയോര ഹൈവെ 6500 കോടിയുടെ തീരദേശ ഹൈവേ 5200 കോടി രൂപയുടെ ട്രാന്‍സ്‌കിറ്റ് ശൃംഖല, 3178.2 മുതല്‍മുടക്കമുള്ള ആരോഗ്യപദ്ധതികള്‍, പൊതുവിദ്യാലയങ്ങളുടെ സാങ്കേതിക നിലവാരവും അടിസ്ഥ സൗകര്യങ്ങളും വര്‍ധിപ്പക്ക വര്‍ധിപ്പിക്കുന്നതിനുള്ള 2427.55 കോടി രൂപയുടെ പദ്ധതികകള്‍, പട്ടിജാതി-പട്ടികവര്‍ഗം-മത്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1203 കോടി 58 ലക്ഷം രൂപയുടെ പദ്ധതികള്‍ എന്നിങ്ങനെ സംസ്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുന്നത്. വകുപ്പുകള്‍ മുഖേനെ ചെലവഴിച്ചതും അനുവദിച്ചതുമായ തുക വേറെയുമുണ്ട്.

സംസ്ഥാനം ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിപുലവും വേഗതയുള്ളതുമായ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേന്ദ്രം പണം നല്‍കുന്നില്ല. വരുമാന ശ്രോതസ്സുകള്‍ അടഞ്ഞുപോവുന്നു.വിഭവ ലഭ്യത കുറയുന്നു. ഇങ്ങനെയൊക്കെ പറഞ്ഞ് വികസനത്തിന് അവധി കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അത്തരത്തിലൊരു നിസ്സാഹായതയല്ല നാടിന്റെ വളര്‍ച്ച ഉറപ്പാക്കിയേ മുന്നോട്ടുള്ളൂവെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം. അതിന് കണ്ടെത്തിയ ബദല്‍ മാര്‍ഗമാണ് കിഫ്ബി. അതിനെ തകര്‍ത്താല്‍ നാടിനെ തകര്‍ക്കാം, വികസനത്തെ തകര്‍ക്കാം എന്ന ധാരണ ആരും വെച്ചുപുലര്‍ത്തേണ്ട. നേട്ടങ്ങള്‍ കിഫ്ബിയുടെ സാധ്യത നാടിന് വേണ്ടി ഉപയോഗിച്ചതിന്റെ ഫലമാണ്. ഇതിനെയല്ലേ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കിഫ്ബിയുടെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവര്‍ നാടിന്റേയും ജനങ്ങളുടേയും ശത്രുക്കളാണ്, നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ആരെതിര്‍ത്താലും കിഫ്ബി പദ്ധതികള്‍ ഉപേക്ഷിക്കാനും പോവുന്നില്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തിലേയും പദ്ധതികള്‍ ഉപേക്ഷിക്കില്ല. കാരണം അതെല്ലാം നാടിന് വേണ്ടിയുള്ള പദ്ധതികളാണ്. സാമ്പത്തിക പ്രതിസന്ധിയുടേയും പ്രതികൂലാവസ്ഥയുടേയും വെല്ലുവിളിക്ക് മുന്‍പില്‍ പ്രതിമ പോലെ നിസ്സഹായമായി നില്‍ക്കാനമല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. ഈ നാട്ടില്‍ വികസനം സാധ്യമാവാനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏത് ശക്തി വന്നാലും ചെറുക്കുക തന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണ്.

Content Highlights: CM Pinarayi Vijayan's explanations over KIIFB row

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented