മുഖ്യമന്ത്രി പിണറായി വിജയൻ |Photo:mathrubhumi
തിരുവനന്തപുരം: താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രത്യേകമായ ഉള്‍ച്ചേര്‍ക്കലോ ഒഴിവാക്കലോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ പരിഗണന അതിലുണ്ടായിട്ടില്ലെന്നും 10 വര്‍ഷം കഴിഞ്ഞ താത്ക്കാലിക ജീവനക്കാരെയാണ് പിഎസ്‌സി സ്ഥിരപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
"താത്ക്കാലിക നിയമനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പ്രത്യേക രീതിയിലുള്ള ഉള്‍ച്ചേര്‍ക്കലോ പുറം തള്ളലോ ഉണ്ടായിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള രാഷ്ട്രീയ പരിഗണനയും അതിലുണ്ടായിട്ടില്ല. ഒരു സ്ഥാപനത്തില്‍ കുറെ ആളുകള്‍ താത്ക്കാലിമായി ജോലി ചെയ്യുന്നു. 10 വര്‍ഷമായവരും 20 വര്‍ഷവും അതിലധികമായവരും വരെയുണ്ടതില്‍. അങ്ങനെയുള്ളയാളുകള്‍ സ്ഥിരനിയമനാക്കാരാണെങ്കില്‍ അവര്‍ക്ക് ലഭിക്കേണ്ട ചില ആനുകൂല്യമുണ്ട്. അതവര്‍ക്ക് ലഭിക്കുന്നില്ല. ഈ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു പിഎസ്സി റാങ്ക് ലിസറ്റുകാര്‍ക്കും തൊഴിലവസരം നിഷേധിക്കപ്പെടുന്നില്ല. ഇവിടെയുള്ള ഒഴിവുകള്‍ പിഎസ്സിക്ക് വിട്ടിട്ടില്ല. അങ്ങനെയുള്ള സ്ഥാപനങ്ങളിലെ താത്ക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്". അവരെ പിരിച്ചുവിട്ടൂടെ എന്ന് ചോദിച്ചാല്‍ മാനുഷിക പരിഗണനയുടെ ഭാഗമായാണ് സ്ഥിരപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"സര്‍ക്കാര്‍ ഇടപെട്ട് ജോലി കൊടുപ്പിക്കുന്ന സാഹചര്യമല്ല നിലവില്‍ കേരളത്തിലുള്ളത്. തട്ടിപ്പിന്റെ ശ്രമമുണ്ടെങ്കില്‍ അന്വേഷിക്കും. അതല്ലാതെ ഏതെങ്കിലും ഒരാള്‍ക്ക് അവരാഗ്രഹിക്കുന്ന രീതിയില്‍ തൊഴില്‍ കൊടുക്കുന്ന സ്ഥിതി നിലവിലില്ല.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ലിസ്റ്റ് ചീര്‍ത്ത് വന്നത്. അതനുസരിച്ച് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും തൊഴില്‍ ലഭിക്കില്ല. പക്ഷെ ലിസ്റ്റില്‍ പേരുണ്ടാവും. ഇങ്ങനെയുള്ള ഉദ്യോഗാര്‍ഥികളെ വേഗം തെറ്റിദ്ധരിപ്പിക്കാന്‍ കവിയും. അതിന്റെ ഭാഗമായുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ട്". അതേ കുറിച്ചാണ് ധനമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കിയ സര്‍ക്കാരാണിത്. പുതിയ തസ്തികകള്‍ സൃഷ്ടിച്ചതും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ നടത്തിയതും ഈ സര്‍ക്കരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമന ഭാരം താങ്ങുന്ന പിഎസ് സിയാണ് കേരള പിഎസ് സി. ഇന്ത്യയിലെവിടെയും ഇല്ലാത്ത രീതിയിലുള്ള ഭാരമാണ് കേരള പിഎസ്‌സി ചുമക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചകളുണ്ടാവുന്നത് സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും അത് പരിശോധിക്കുമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
content highlights: CM Pinarayi Vijayan responds to PSC controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..