പിണറായി വിജയൻ| Photo: Mathrubhumi
കണ്ണൂർ: ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അഭിപ്രായം മനസ്സിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ട് പോകണം. കൂടുതല്‍ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ മികവാര്‍ന്ന അക്കാദമിക് വിദഗ്ദ്ധരെ തന്നെയാണ് ഓരോ സ്ഥാപനത്തിന്റേയും തലപ്പത്ത് കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുള്ളത്. എല്ലാ എല്‍ഡിഎഫ് സര്‍ക്കാരുകളും ഇത്തരത്തില്‍ അക്കാദമിക് മികവുള്ളവരെ സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നിട്ടുണ്ട്. ചില ഘട്ടത്തില്‍ വ്യത്യസ്തമായ അനുഭവവും കേരളത്തിനുണ്ട്. 24 മണിക്കൂര്‍ പോലും പഠിപ്പിക്കാത്തവരെ സര്‍വകലാശയുടെ തലപ്പത്ത് ചിലര്‍ ഇരുത്തിയിട്ടുണ്ട്. പേരുകള്‍ എടുത്ത് പറയാത്തത് മര്യാദയുള്ളതുകൊണ്ടാണ്. ഗവര്‍ണറുടെ കത്തില്‍ വ്യാകുലപ്പെട്ടവര്‍ മുന്‍കാലങ്ങള്‍ മറക്കേണ്ട. തങ്ങള്‍ നിയമിച്ച വിസിയെ അന്നത്തെ തങ്ങളുടെ ഗവര്‍ണര്‍ക്കുതന്നെ നീക്കംചെയ്യേണ്ടി വന്നതൊക്കെ മറന്നതുകൊണ്ടാകും ഇത്തരം ആകുലത.
സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 'ഗവര്‍ണര്‍ ഡിസംബര്‍ എട്ടിന് ഒരു കത്തയച്ചിരുന്നു. ഗവര്‍ണറുടെ ഉത്കണ്ഠ സര്‍ക്കാര്‍ അവഗണിക്കുകയല്ല ചെയ്തത്. അത് ഗൗരവത്തിലെടുത്ത്, ഉള്‍ക്കൊണ്ട് അതേദിവസം തന്നെ സർക്കാരിന്റെ കാഴ്ചപ്പാട് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ട് കത്ത് നല്‍കുകയും വിശദീകരിക്കുകയും ചെയ്തു. ധനകാര്യ മന്ത്രിയും അദ്ദേഹത്തെ കണ്ടു. കണ്ണൂരിലായതുകൊണ്ട് തനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. ഫോണില്‍ സംസാരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള അനുനയ നീക്കമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ നിഴലിച്ചത്. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് സമയത്ത് ഉന്നതവിദ്യാഭ്യാസ മേഖല ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ഇതുസംബന്ധിച്ച് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ ദൗര്‍ബല്യങ്ങളും കുറവുകളുമുണ്ടെന്ന് ജനങ്ങളോട് തുറന്നുപറഞ്ഞാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാലാനുസൃതമായ പുരോഗതി ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ച് ഇതില്‍ മാറ്റംവരുത്താന്‍ ശ്രമിച്ചു. കേരളത്തെ ഗുണമേന്മയുള്ള വിദ്യാഭ്യാസ ഹബ്ബാക്കുമെന്നതടക്കമാണ് ഈ സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാട് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നുള്ളതില്‍ നിന്ന് മെച്ചപ്പെടണമെന്ന നിലപാടാണ് സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത്. അവ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നുവരാം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അത് ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് ചെയ്യേണ്ടത്.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കത്തിലൂടെയും നേരിട്ടും പലഘട്ടത്തിലും ആശയവിനിമയം നടത്താറുണ്ട്. ഭരണതലത്തില്‍ ഉണ്ടാകാറുള്ള സാധാരണ പ്രക്രിയയാണ് അത്. ഇതില്‍നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങള്‍ സംഭവിച്ചു. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ചില പ്രതികരണങ്ങള്‍ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുംവിധം മാധ്യമങ്ങളില്‍ വാർത്തയായി. ഇത്തരമൊരു ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാന്‍സിലറുടെ അധികാരം സര്‍ക്കാര്‍ ഒരിക്കലും കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. ഇനിയൊരിക്കലും അതുണ്ടാകുകയുമില്ല. ഇക്കാര്യം ഉറപ്പുനല്‍കുകയാണ്. ചാന്‍സിലറുടെ സ്ഥാനത്തുനിന്ന് മാറരുതെന്നാണ് ഗവര്‍ണറോട് അഭ്യര്‍ഥിക്കാനുള്ളത്. ഗവര്‍ണര്‍ പരസ്യമായി പ്രതികരിച്ചതുകൊണ്ട് മാത്രമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി പറയേണ്ടി വന്നത്. അല്ലെങ്കില്‍ വ്യക്തിപരമായി പറഞ്ഞ് തീര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..