ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിക്ക്; ചര്‍ച്ച വൈകിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി


മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:ANI

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഒരുകാരണവശാലും നിര്‍ത്തിവെക്കില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും 80 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ മാത്രമേ സര്‍ക്കാരിന് കടുംപിടുത്തമുള്ളുവെന്നും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞു.

വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചനടത്താന്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി തള്ളി. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. സമരം തുടങ്ങിയതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 19-ന് മന്ത്രിസഭാ ഉപസമിതി ആദ്യ ചര്‍ച്ച നടത്തി. പിന്നാലെ ഓഗസ്റ്റ് 24-നും സെപ്റ്റംബര്‍ 5, 23 തീയതികളിലും സമരസമിതിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നു. ചീഫ് സെക്രട്ടറി തലത്തിലും ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടത്തി. പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് എല്ലാ വാതിലുകളും തുറന്നുവയ്ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. അവരുടെ ആശങ്കകള്‍ ദുരീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമര സമിതിയുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ച് എണ്ണത്തിലും മന്ത്രിസഭാ ഉപസമിതി തന്നെ പരിഹാരത്തില്‍ എത്തിയിരുന്നു. ഇതിനുപിന്നാലെ സമരസമിതിയുടെ ഉന്നതനേതാക്കളുമായി താനും ചര്‍ച്ച നടത്തി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആകില്ലെന്ന് മാത്രമാണ് അവരോട് പറഞ്ഞത്. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ സമവായത്തില്‍ എത്തിയശേഷവും സമരം ശക്തിപ്പെടുത്തുന്നതിനാല്‍ ഇതിനുപിന്നില്‍ ബാഹ്യശക്തികളുണ്ടോയെന്ന് സംശയമുണ്ട്. സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നോ എന്ന് തോന്നുംവിധമായിരുന്നു കാര്യങ്ങള്‍. ഈ സംശയം 2014-ല്‍ യുഡിഫ് സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. വിഴഞ്ഞത്തിനെതിരേ നീങ്ങുന്ന സമരത്തിന് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നായിരുന്നു അന്ന് മന്ത്രിയായിരുന്ന ബാബുവിന്റെ മറുപടിയിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റ് ആശങ്കകള്‍ ഉണ്ടെങ്കില്‍ അവയും പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഏത് വിധേനയും സംഘര്‍ഷം ഉണ്ടാക്കാന്‍ നടന്ന പ്രവര്‍ത്തനങ്ങളെ കാണാതിരിക്കാനാകില്ല. ചിലര്‍ക്കെങ്കിലും സങ്കുചിതമായ ലക്ഷ്യമുണ്ടായിരുന്നുവെന്നും കാണേണ്ടതുണ്ട്. ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലത്തീന്‍ സഭ സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും മറ്റു സാമൂഹിക വിഷയത്തിലും വളരെ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കുന്ന സഭയാണ്. സര്‍ക്കാരുമായും ഊഷ്മളമായ ബന്ധമുണ്ട്. സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യശക്തികളാണോയെന്ന് സംശയിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാലാണ് പോലീസിന് കേസെടുക്കേണ്ടി വന്നതെന്നും എന്നാല്‍ സംയമനത്തിന്റെ അതിരുവിട്ട് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമ സംഭവങ്ങളുണ്ടായാല്‍ ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കേസെടുക്കുന്നത് ആദ്യ സംഭവമല്ല. ആരെ കേസില്‍ ഉള്‍പ്പെടുത്തണം ഉള്‍പ്പെടുത്തേണ്ട എന്നെല്ലാം തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫിന്റെ വിഴിഞ്ഞം പുനരധിവാസ പാക്കേജ് തുക അനുവദിക്കാത്ത പാക്കേജായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ 475 കോടി രൂപയുടെ പുനരധിവാസ പദ്ധതി ഇതുവരെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. പദ്ധതിക്കായി ബജറ്റില്‍ ഒരു തുകയും അനുവദിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറങ്ങുക മാത്രമാണ് ചെയ്തത്. ഇതിനെ വിഴിഞ്ഞം പദ്ധതിക്കായുള്ള പുനരവധിവാസ പാക്കേജായി പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Content Highlights: cm pinarayi vijayan reply in vizhinjam adjournment motion discussion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented