'ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടിവരുമെന്ന് കരുതിയില്ല';കണ്ഠമിടറി പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രി


Photo: Screengrab/ Mathrubhumi News

പയ്യാമ്പലം (കണ്ണൂർ): "ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ വാക്കുകൾ മുറിഞ്ഞേക്കാം വാചകങ്ങൾ, പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം" മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഒടുവിൽ തുടക്കത്തിൽ പറഞ്ഞ പോലെ കണ്ഠമിടറി വാക്കുകൾ മുറിഞ്ഞ് ഒന്നും പറയാനാകാതെ സംസാരം അവസാനിപ്പിച്ചു.

ഈ നഷ്ടം എളുപ്പം പരിഹരിക്കാനാകില്ല. കൂട്ടായ പരിശ്രമത്തിലൂടെ ഈ നഷ്ടം നികത്താൻ ശ്രമിക്കുമെന്ന് പറഞ്ഞ സംസാരം പകുതിയിൽ വെച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങി.ഇതിന് മുമ്പൊരിക്കലും പിണറായി വിജയനെ ഇത്രയും വികാരാധീനനായി കണ്ടിട്ടില്ല. വിതുമ്പലോടെ വാക്കുകൾ പൂർത്തിയാക്കാതെ മടങ്ങുമ്പോൾ സോദരതുല്യന്റെ വിയോഗം എത്രമേൽ മുഖ്യമന്ത്രിയെ ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാണ്. രോഗബാധിതനാണ് കോടിയേരി എന്ന് അറിഞ്ഞപ്പോൾ തന്റെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി എന്ന് അടുപ്പമുള്ളവരോട് പറഞ്ഞ പിണറായി കോടിയേരിയുടെ വിടവാങ്ങലിൽ ആ വേദന പ്രകടമാകുകയും ചെയ്യുന്നു. മുറിഞ്ഞു പോകുന്ന വാക്കുകൾ, ഇടറുന്ന കണ്ഠം, വിതുമ്പലടക്കാനാകാതെ നിർത്തി പോയ സംസാരം, എത്രമേൽ ആത്മബന്ധമാണ് ഇരുവരുടേയും എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

പിണറായിയുടെ അനുശോചനപ്രസംഗം

എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് നിശ്ചയമില്ല. ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ വാക്കുകൾ മുറിഞ്ഞേക്കാം വാചകങ്ങൾ, പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം. എപ്പോ അവസാനിപ്പിക്കേണ്ടി വരും എന്നതിനെപ്പറ്റി എനിക്ക് തന്നെ നിശ്ചയമില്ല. ആ ഒരു സാഹചര്യത്തിൽ അൽപം വഴിവിട്ട രീതിയിലാണ് സംസാരിക്കുന്നത്.

കോടിയേരി രോഗാതുരനായപ്പോൾ അദ്ദേഹത്തെ കേരളത്തിലും കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും ചികിത്സിച്ച ഒട്ടേറെ ഡോക്ടർമാരുണ്ട്. അവരെല്ലാം വലിയ സഹകരണാണ് നൽകിയിരുന്നത്. അവരുടെ കഴിവിന്റെ പരമാവധി അവരുപയോഗിച്ചിരുന്നു. അവർക്കെല്ലാം ഈ ഘട്ടത്തിൽ സിപിഎമ്മിന് വേണ്ടി നന്ദി പറയുന്നു. അപ്പോളോ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെയും വലിയ തോതിലുള്ള പരിചരണവും ശ്രദ്ധയുമാണ് ലഭിച്ചിരുന്നത്. പക്ഷെ ചിലകാര്യങ്ങൾ നമ്മുടെ ആരുടേയും നിന്ത്രണത്തിൽ അല്ല. വല്ലാത്ത ഒരു അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അപ്പോഴേക്കും സംഭവിച്ചിരിക്കുന്നു. ആദ്യം നല്ല പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും ശരീരത്തിന്റെ വളരെ അപകടകരമായ നിലയിലാണെന്ന് തിരിച്ചറിഞ്ഞു. എങ്കിലും പരമാവധി ശ്രമങ്ങൾ അവർ നടത്തി.

നമ്മുടെ സമൂഹത്തിൽ മനുഷ്യനന്മ അത് പൂർണ്ണമായും ഒഴിവായിട്ടില്ല എന്ന് തെളിയിക്കുന്ന ചില സന്ദർഭങ്ങളാണ് ഇത്തരത്തിലുള്ള ചില ഘട്ടങ്ങളിൽ ഉണ്ടാകുന്നത്. ഞങ്ങൾക്ക് വളരെ തിക്തമായ അനുഭവഭങ്ങൾ ഉള്ളതാണല്ലോ. അപ്പോഴും മനസ്സിനൊരു കുളിർമ്മ ഈ നന്മ അവശേഷിക്കുന്നു എന്നതിൽ അതിന്റെ ഭാഗമായി ലഭിക്കുന്നു.

കോടിയേരി ബാലകൃഷ്ണതന്റെ വേർപാട് ഞങ്ങളെയെല്ലാം ഏത് രീതിയിൽ വേദനിപ്പിച്ചോ അതേവികാര വായ്പോടെ കേരള സമൂഹം ഏറ്റെടുക്കാൻ തയ്യാറായി. അതിൽ നമ്മുടെ മാധ്യമങ്ങൾ വളരെ ആരോഗ്യകരമായ നിലപാടാണ് സ്വീകരിച്ചത്. മനുഷ്യനന്മ പൂർണ്ണമായി അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കും വിധമുള്ള, ഒരു തരത്തിലുള്ള കലവറയുമില്ലാതെ റിപ്പോർട്ട് ചെയ്യുന്ന നിലയാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നമ്മൾ കണ്ടത്. അതേ പോലെത്തന്നെ വിവിധ കാര്യങ്ങൾ പരസ്പരം കരയുന്നവരും വലിയ തോതിലുളള അഭിപ്രായഭിന്നത പരസ്യമാക്കുന്നവരുമൊക്കെയാണ് രാഷ്ട്രീയ രംഗത്ത് എല്ലാവരും. എന്നാൽ സിപിഎമ്മിന്റെ താങ്ങാനാകാത്ത നഷ്ടം അതിൽ ശരിയായ രീതിയിൽ തന്നെ ആ വേദന ഉൾക്കൊണ്ട് ഒരു പക്ഷം എന്ന നിലയില്ലാതെ തന്നെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്താനങ്ങളും സഖാവ് കോടിയേരിയുടെ ചരമത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വന്ന കാഴ്ചയാണ് കണ്ടത്. ഇന്നത്തെ കാലഘട്ടത്തിൽ ഇത് ഏറ്റവുംപ്രാധാന്യമുള്ളതാണ്. ഈ വലിയ നഷ്ടത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്നു കൊണ്ട് ദുഖിക്കാൻ തയ്യാറായ എല്ലാവരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.

കോടിയേരി സി.പി.എമ്മിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണ്. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം ഇല്ലാതാകുന്നു എന്ന വാർത്ത കേട്ടപ്പോഴുള്ള വികാരവായ്പോടെയാണ് പാർട്ടി സഖാക്കൾ, പാർട്ടി ബന്ധുക്കൾ, പാർട്ടിയെ സ്നേഹിക്കുന്നവർ, ഈ പാർട്ടി കേരളത്തിൽ ശക്തമായ രീതിയിൽ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ, സമൂഹത്തിന്റെ നാനാതുറകളിലുള്ള വർ, എല്ലാം ഓടിയെത്തി സഖാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒന്ന് കാണാൻ ശ്രമിച്ചത്. ആ വികാരവായ്പ് അങ്ങേയറ്റം ഞങ്ങളെ ആകെ വല്ലാതെ വികാരം കൊള്ളിച്ചിരിക്കുകയാണ്. ഏത് നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമിത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഇത് പെട്ടെന്ന്പരിഹരിക്കാനാകുന്ന ഒരു വിയോഗമല്ല എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.

സഖാക്കൾക്ക്, പാർട്ടി ബന്ധുക്കൾക്ക്, പാർട്ടിയെ സ്നേഹിക്കുന്നവർക്ക് ഞങ്ങൾക്ക് നൽകാനുള്ളത് ഒരു ഉറപ്പുമാത്രമാണ്. ഈ നഷ്ടം വലിയ തോതിലുള്ളതാണ് ഒരു സംശയവുമില്ല. പക്ഷെ ഞങ്ങളത് കൂട്ടായപ്രവർത്തനത്തിലൂടെ നികത്താനാണ് ശ്രമിക്കുന്നത്. (നീണ്ട നിശ്ശബ്ദത....) ഞാൻ പറഞ്ഞത് പോലെ അവസാനിപ്പിക്കുന്നു (വിതുമ്പലോടെ ഇരിപ്പിടത്തിലേക്ക്...)

Content Highlights: cm pinarayi vijayan remembering kodiyeri balakrishnan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented