തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പൊയ് വെടികള്‍ പൊട്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന് പ്രചാരണം കൊടുക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടായെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തായി പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി അതിലെ വസ്തുത എന്താണെന്ന് അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകള്‍ കാണുമ്പോള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെക്കൂടി വിമര്‍ശനം ഉന്നയിക്കുന്നുണ്ടോ എന്നാണ് തോന്നുന്ന ഒരു സംശയം. ആര്‍എസ്എസുകാരന്റെ കേസ് പിന്‍വലിച്ചത് തന്റെ വകുപ്പല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരുടെ വകുപ്പായിരുന്നു. മുഖ്യമന്ത്രി എന്ന വാക്കുതന്നെ അദ്ദേഹത്തിന് വല്ല പ്രശ്‌നവുമുണ്ടാക്കുന്നുണ്ടോ എന്നാണ് തോന്നുന്നത്. തന്നെ ചാരി കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടതുണ്ടോയെന്നും പിണറായി വിജയന്‍ ചോദിച്ചു.
'പ്രതിപക്ഷനേതാവും സുഹൃത്തുക്കളും ഈ കോവിഡ് കാലത്ത് എന്തൊക്കെയാണ് പറഞ്ഞത്. കോവിഡ് സ്ഥിതി അറിയിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തരുത് എന്നായിരുന്നു പറഞ്ഞിരുന്നത്. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ എന്നുപറഞ്ഞു.അമേരിക്കന്‍ രീതിയില്‍ മിറ്റിഗേഷന്‍ രീതി നടപ്പാക്കണം എന്ന് പറഞ്ഞു. രാജസ്ഥാനേയും തമിഴ്‌നാടിനേയും മാതൃകയാക്കണം എന്നു പറഞ്ഞു.
87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റു എന്ന് പറഞ്ഞു. ബ്രിട്ടീഷ് വിപണിയിലെ പൗണ്ടിന്റെ മൂല്യം കണക്കാക്കിയാല്‍ ആ ഡേറ്റക്ക് എത്ര വിലവരും എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ല ഒരു പത്രം പറഞ്ഞതുകേട്ട് പറഞ്ഞതാണെന്നാണ് മറുപടി പറഞ്ഞത്. ഇതാണോ പ്രതിപക്ഷ ധര്‍മം?
എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷ നടത്തരുത് എന്നുമാത്രമല്ല നടത്തുന്നവര്‍ക്ക് ഭ്രാന്താണ് എന്നാണ് പറഞ്ഞത്. പരീക്ഷ ഭംഗിയായി നടന്നപ്പോള്‍ പ്രതിപക്ഷം എവിടെയായിരിന്നു. സാലറി ചാലഞ്ച് പാടില്ല എന്ന് പറയുക മാത്രമല്ല അതിനെതിരെ വ്യാപക പ്രചരണം നടത്തി. കര്‍ണാടകം അതിര്‍ത്തി അടച്ചതുമൂലം രോഗികള്‍ മരിച്ചതിന് ഉത്തരവാദി കേരള സര്‍ക്കാരാണ് എന്നാണ് പ്രതിപക്ഷം കഥയുണ്ടാക്കിയത്.അതിഥി തൊഴിലാളികളെ പട്ടിണിക്ക് ഇടുന്നു എന്നുപറഞ്ഞു. ഈ നാട്ടിലെ ഒരു കമ്മ്യൂണിറ്റി കിച്ചണില്‍ പോയി നോക്കിയിരുന്നെങ്കില്‍ അത്തരമൊരു ആക്ഷേപം ഉന്നയിക്കാന്‍ കഴിയുമായിരുന്നോ?
മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു എന്ന് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും ഒരു പ്രവാസി കേരളത്തിലേക്ക് വരുന്നതിന് സര്‍ക്കാര്‍ തടസ്സം നിന്നോ. ടെക്‌നോ സിറ്റിയിലെ കളിമണ്‍ ഖനനത്തില്‍ വന്‍ കൊളളയാണെന്ന് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിനോട് ആ കമ്പനിയുടെ പ്രതിനിധി വിളിച്ച് സംസാരിക്കുന്നതും ഞാനത് തിരുത്താം എന്നുപറഞ്ഞതും നാം കേട്ടു. ആരാധനാലയങ്ങള്‍ ആദ്യം തുറക്കണമെന്ന് പറഞ്ഞു പിന്നീട് അടക്കണമെന്ന് പറഞ്ഞു ഇതുരണ്ടും ചെയ്തത് ആരാണ്? ബാറുകളും ബീവറേജുകളും അടക്കണമെന്ന് ആദ്യം പറഞ്ഞതും പിന്നീട് തുറക്കണെന്ന് പറഞ്ഞതും പ്രതിപക്ഷം തന്നെയല്ലേ. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷം പൊയ് വെടികള്‍ പൊട്ടിച്ചുകൊണ്ടിരിക്കുകയാണ്, അതിന് പ്രചാരണം കൊടുക്കാനും ശ്രമിക്കുന്നു. വസ്തുതകള്‍ പുറത്തുവന്നാലെങ്കിലും മനുഷ്യസഹജമായ ജാള്യത തോന്നണ്ടേ. പ്രതിപക്ഷ ആരോപണങ്ങള്‍ തുറന്നുകാട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അപ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന് വിലപിക്കും.
വാര്‍ത്താസമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷ ആരോപണങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. ഒരു നുണ പലയാവര്‍ത്തി ആവര്‍ത്തിച്ച് സത്യമാമെന്ന് തോന്നത്തക്ക അന്തരീക്ഷമുണ്ടാക്കുമ്പോള്‍ യഥാര്‍ഥ വസ്തുതകള്‍ തുറന്നുപറയേണ്ട ബാധ്യതയില്ലേ അതാണ് ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ കുറിച്ച് തനിക്ക് പറയാനുളളത് ഇതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയഫണ്ട് ചെലവഴിക്കുന്നില്ല, കവളപ്പാറയിലും പുത്തുമലയിലും ആശ്വാസമെത്തിയിട്ടില്ല എന്നുമുളള പ്രതിപക്ഷ ആരോപണങ്ങളെ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ഖണ്ഡിക്കുകയും ചെയ്തു.
Content Highlights:CM Pinarayi Vijayan reacts to Ramesh Chennithala's allegations