തിരുവനന്തപുരം: കാസര്‍കോട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണത്തിന് കര്‍ണാടകത്തിന്റെ സഹായം തേടിയതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ടത്. കര്‍ണാടക പോലീസ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ കീഴില്‍ ആറ് പേരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഡി.വൈ.എസ്.പിമാരും മൂന്ന് സി.ഐമാരും ഉള്‍പ്പെടും.

വിപുലമായ രീതിയില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പോലീസ് ആസ്ഥാനത്തിന്റെ വിശദീകരണം. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള പങ്ക് പരിശോധിച്ച് വരികയാണെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട കൃപേഷ് ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

Content Highlights: Pinarayi Vijayan, Youth congress activists murders in Kasargod