pinarayi vijayan
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം കൂടിയ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പോലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിന് നല്‍കിയത് പൊലീസ് രാജിലേക്ക് വഴിവയ്ക്കുമെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കം കണ്ടുപിടിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പോലീസിനുകൂടി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കിയത്. വലിയ സമ്പര്‍ക്കപ്പട്ടിക കണ്ടുപിടിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പോലീസിന് സാധിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകരേയും വകുപ്പിനേയും സഹായിക്കുക മാത്രമാണ് ഈ തീരുമാനത്തിന്റെ ഉദ്ദേശമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് പ്രചരിപ്പിക്കുന്നത്. ഏത് വിധേനെയെങ്കിലും രോഗവ്യാപനം കൂടണം എന്നാണ് അപൂര്‍വം ചിലരുടെ മനോഭാവം. അത്തരക്കാരാണ് തെറ്റായപ്രചാരണങ്ങള്‍ നടത്തുന്നത്.
സര്‍ക്കാര്‍ എല്ലാഘട്ടത്തിലും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. അത് അംഗീകരിക്കുന്നുമുണ്ട്. എന്നാല്‍ അവരും മനുഷ്യരാണ്, അവര്‍ക്കും വിശ്രമം വേണ്ടതുണ്ട്. ഈ അവസ്ഥയില്‍ അവരെ സഹായിക്കുന്നതിനായാണ് പോലീസിനും ചുമതലകള്‍ നല്‍കിയത്. അതില്‍ തെറ്റിദ്ധാരണ വേണ്ടതില്ല.
എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ ചിലര്‍ക്ക് തോന്നിയത് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുകയാണെന്നാണ്. ആ തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. തീരുമാനം സംസ്ഥാനത്തെ പോലീസ് രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. യഥാര്‍ഥത്തില്‍ എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപം. ഒരു ഭാഗത്ത് ആരോഗ്യപ്രവര്‍ത്തകരോട് ആക്ഷേപം എന്ന ആരോപണവും മറുഭാഗത്ത് പോലീസ് സംവിധാനത്തില്‍ ഇടപെടല്‍ മരവിപ്പിക്കുന്നു എന്ന ആക്ഷേപവും ഉയര്‍ത്തുന്നു. സത്യത്തില്‍ രണ്ടും നടന്നാല്‍ കോവിഡ് അതിന്റെ വഴിക്ക് പടര്‍ന്നുപിടിക്കും. ഇത് അറിയാത്ത ആളാണോ പ്രതിപക്ഷ നേതാവ്, എന്തിനാണ് ഇത്തരം ഇരട്ടമുഖം സ്വീകരിക്കുന്നത്?
കേരളത്തിന്റെ കോവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോവുകയാണ്. അത് കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ അനുഭവം താരതമ്യം ചെയ്താല്‍ മനസ്സിലാവും നാം എത്രമാത്രം മുന്നേറിയെന്ന്. എന്നിട്ടും പറയുകയാണ് ഇവിടെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്. ആരോടാണ് ഇത് പറയുന്നത്, സര്‍ക്കാരിനൊപ്പം കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവുന്ന ഈ ജനങ്ങളോടാണോ, ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വിമര്‍ശനങ്ങളെ തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇത്. പക്ഷെ വിമര്‍ശനങ്ങള്‍ക്ക് പകരം തെറ്റായ പ്രചാരണങ്ങളും കോവിഡ് പ്രതിരോധം തകര്‍ക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകള്‍ കൊണ്ടുവരുമ്പോള്‍ അതില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ല. അതിന്റെ ഭാരം അത് ചുമക്കുന്നവര്‍ തന്നെ പേറേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..